| Thursday, 26th July 2018, 6:43 pm

അയാള്‍ അഹങ്കാരിയാണ്, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണം; കേരള ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബിക്കെതിരെ സഞ്ജുവും സഹതാരങ്ങളും

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരള ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബിയ്‌ക്കെതിരെ ടീമംഗങ്ങള്‍. സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണ് അദ്ദേഹമെന്നും ടീമംഗങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ താരം സഞ്ജു സാംസണടക്കം 15 കളിക്കാരുടെ പേരാണ് കത്തിലുള്ളത്. ഇതില്‍ 13 പേര്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

” ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്ത്. വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ല.”

ALSO READ: 9 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ്, പുറത്താകാതെ 51 റണ്‍സ്; സ്‌കൂള്‍ ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍

സച്ചിന്‍ ബേബി സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും ടീം ജയിക്കുമ്പോള്‍ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കുകയും തോല്‍ക്കുമ്പോള്‍ ടീമംഗങ്ങളുടെ തലയില്‍ കെട്ടിവെക്കുകയുമാണ് സച്ചിന്റെ ശീലമെന്നും താരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ടീമംഗങ്ങളെല്ലാം അസ്വസ്ഥരാണ്. ആര്‍ക്കും സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സഹതാരത്തെകുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സച്ചിന്‍ ബേബി.

ഇത്തവണ ടീം രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തിയത് ടീമംഗങ്ങളുടെയും പരിശീലകരുടെയും മികവ് കൊണ്ടാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. നായകന്റെ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളുടെ മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നത്.

ALSO READ: നിങ്ങള്‍ക്ക് തീരെ വകതിരിവില്ലേ? ഏഷ്യാ കപ്പ് ഷെഡ്യൂളിനെതിരെ ബി.സി.സി.ഐ

ടീമിന്റെ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും ഇതില്‍ മാനേജ്‌മെന്റ് ഉടന്‍ തീരുമാനമെടുക്കണമെന്നും കത്തില്‍ പറയുന്നു.

കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.

എന്നാല്‍ കത്തിനെക്കുറിച്ച് കെ.സി.എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more