അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന ടി-20 പരമ്പരയില്‍ ഇടം നേടി മലയാളി താരം. കേരള ടീമിലെ സ്ഥിര സാന്നിധ്യമായ ലെഗ് സ്പിന്നര്‍ മിഥുനിനെയാണ് ഇന്ത്യ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ഏഴംഗ റിസര്‍വ് ടീമിലാണ് മിഥുനും ഇടം നേടിയത്. 2021ല്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് മിഥുനിനെ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കെത്തിച്ചത്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലെ മേജര്‍ ടൂര്‍ണമെന്റുകളില്‍ കേരളത്തിന്റെ സ്ഥിരം സാന്നിധ്യമായ മിഥുന്‍, ആലപ്പുഴ കായംകുളം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 5 മത്സരങ്ങളില്‍ നിന്നുമായി ഒമ്പത് വിക്കറ്റുകളാണ് മിഥുന്‍ നേടിയത്.
ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും മികച്ച വിക്കറ്റു വേട്ടക്കാരനും മിഥുന്‍ തന്നെയായിരുന്നു. ഇതോടെയാണ് മിഥുനെ തേടി ബി.സി.സി.ഐയുടെ വിളിയെത്തിയത്.
ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുന്‍ രഞ്ജി താരവും ജൂനിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന എം. സുരേഷ്‌കുമാറിന് ശേഷം ആലപ്പുഴയില്‍ നിന്നും ഇന്ത്യന്‍ ടീമിന് വേണ്ടി ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്ന താരം ആണ് എസ്. മിഥുന്‍ എന്ന് ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം. നൗഫല്‍ പറഞ്ഞു.
ടീമില്‍ അവസരം കിട്ടിയാല്‍ സഞ്ജുവിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന താരമായി മാറാനും മിഥുനിനാവും.
തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരും റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്.
ഫെബ്രുവരി ആറ് മുതലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര ആരംഭിക്കുക.