| Saturday, 10th August 2024, 8:30 pm

കേരള ക്രിക്കറ്റ് ലീഗ് താരലേലം; എം.എസ്. അഖിലും വരുണ്‍ നായനാരും വിലയേറിയ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. ആറ് ടീമുകളാണ് താര ലേലത്തില്‍ പങ്കെടുത്തത്.

ലേലത്തില്‍ എറണാകുളം സ്വദേശിയായ ഓള്‍ റൗണ്ടര്‍ താരം എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് 7.4 ലക്ഷം രൂപയ്ക്ക് റാഞ്ചി. ലേലത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് അഖിലിനെ ട്രിവാന്‍ഡ്രം സ്വന്തമാക്കിയത്.

7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായരെ തൃശ്ശൂര്‍ ടൈറ്റന്‍സും സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റര്‍ സല്‍മാന്‍ നിസാറിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും 7 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. മാത്രമല്ല 50000 രൂപ അടിസ്ഥാന വിലയുള്ള സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കറ്റ് സ്വന്തമാക്കിയത് വലിയ ശ്രദ്ധ നേടി. തിരുവനന്തപുരത്ത് ഹയാത്ത് റീജന്‍സിയിലാണ് താര ലേലം നടന്നത്.

കേരള ക്രിക്കറ്റ് ലീഗ് താരലേലം; വില കൂടിയ താരമായി എം.എസ് അഖില്‍, kerala cricket league, star auction, ms akhil

കേരളത്തില്‍ ആദ്യമായി നടത്തുന്ന ക്രിക്കറ്റ് ലീഗിലേക്ക് 168 കളിക്കാരെയാണ് അസോസിയേഷന്‍ കൊണ്ടുവന്നത്. ഐ.പി.എല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ള വരെ എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ അടിസ്ഥാന വിലയാണ് നല്‍കിയത്. സി.കെ. നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്‌സ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള വരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയും അടിസ്ഥാന വില നല്‍കി. അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി താരങ്ങള്‍ ക്ലബ് താരങ്ങള്‍ എന്നിവരെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി 50000 രൂപയായിരുന്നു അടിസ്ഥാന വില നല്‍കിയത്.

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്തത്. പി.എ. അബ്ദുല്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി കൊല്ലം സെയിലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും രോഹന്‍ എസ്. കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്‌സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തെ തെരഞ്ഞെടുത്തിരുന്നു.

സെപ്റ്റംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഓരോ ദിവസവും പകലും രാത്രിയും രണ്ട് മത്സരങ്ങളാണ് നടക്കുക. കേരള ക്രിക്കറ്റ് ലീഗ് ഒഫീഷ്യല്‍ ലോഞ്ചിങ് ഈ മാസം 31ന് ഉച്ചയ്ക്ക് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

Content Highlight: Kerala Cricket League Players Auction

We use cookies to give you the best possible experience. Learn more