കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ ഒരു ഫ്രാഞ്ചൈസി ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന ഈ ലീഗില്‍ ആറ് ടീമുകളാണ് കിരീടത്തിനായി മാറ്റുരുക്കുക. തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബില്‍ വെച്ചായിരിക്കും പുതിയ ലീഗിലെ എല്ലാം മത്സരങ്ങളും നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 33 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ആറ് ടീമുകള്‍ പരസ്പരം രണ്ട് വീതം മത്സരങ്ങള്‍ കളിക്കുന്ന രീതിയിലാണ് ലീഗിന്റെ ഫിക്ച്ചര്‍.
പുതിയ ലീഗിലേക്കുള്ള താരങ്ങളെ വാങ്ങുന്നതിനുള്ള ലേലം ജൂലൈ അവസാനമാണ് നടക്കുക. ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒരു കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങളുടെ സംരക്ഷണാവകാശം ഏറ്റെടുത്തിട്ടുള്ളത്. വൈകിട്ട് മൂന്ന് മണിക്കും ഏഴ് മണിക്കും ആയിരിക്കും മത്സരങ്ങള്‍ നടക്കുക.
ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്.
കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണ്ണമെന്റ് സഹായകമാകും. കേരളത്തിലെ സൂപ്പര്‍താരങ്ങളായ സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ് തുടങ്ങിയ താരങ്ങള്‍ ലീഗിന്റെ ഭാഗമാകുന്നത് ഏറെ ശ്രദ്ധേയമാണ്.
അതേസമയം നിലവില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിന്റെ പോരാട്ടത്തിലാണ്. എന്നാല്‍ ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ആയിരുന്നു സഞ്ജു ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങിയത്. നിലവില്‍ സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തി അടുത്ത് സെമിയിൽ എത്തി നില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘവും.
Content Highlight: Kerala Cricket Assosiation Introduce a new Franchise League