കൊച്ചി: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ഓപ്പണര്‍ മുഹമ്മദ് അസഹ്‌റുദ്ദീന് പരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസഹ്‌റുദ്ദീന് ഒരു റണ്‍സിന് ആയിരം രൂപവെച്ച് നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.
137 റണ്‍സെടുത്ത അസഹ്‌റുദ്ദീന് ഇതോടെ 1,37,000 രൂപ ലഭിക്കും.
ബുധനാഴ്ച നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈ തറപറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സാണ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ദല്‍ഹി ഉയര്‍ന്ന റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഒന്നാമതു നില്‍ക്കുന്നു. മുംബൈ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിന്‍ ബേബി ഏഴു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക