2019 ഒക്ടോബര്‍ 31ാം തിയ്യതിയാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ 20ഉം 24ഉം വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (Unlawful Activities Prevention Act,2019) പന്തീരാങ്കാവ് പൊലീസ് കേസെടുക്കുന്നത്.
ഇരുവര്‍ക്കും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകരാണെന്നുമായിരുന്നു അറസ്റ്റിനെക്കുറിച്ച് പൊലീസ് പ്രതികരിച്ചത്. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം യുഎപിഎ എന്ന ജനവിരുദ്ധ നിയമത്തിനെതിരായ സജീവ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതും പിന്നീട് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കൈമാറിയതും.
കേസിന്റെ ആദ്യഘട്ടങ്ങളില്‍ സി.പി.ഐ.എമ്മിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയോടുള്ള വിയോജിപ്പുകളുമായി പ്രവര്‍ത്തകരും നേതാക്കളും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന പോലീസ് വാദത്തെ ആവര്‍ത്തിച്ച് കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് നിയമത്തിനെതിരായ സി.പി.ഐ.എമ്മിലെ തുറന്നസംവാദങ്ങളുടെ ആക്കം കുറച്ചു.
ഇതിനും മുന്‍പ് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വിദ്യാര്‍ത്ഥികളെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു എന്ന് മാത്രമാണ് വാര്‍ത്ത വന്നത്. ഇരുവരുടേയും സി.പി.ഐ.എം ബന്ധം ബോധപൂര്‍വ്വം ഒഴിവാക്കി ‘മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍’ എന്ന തലവാചകത്തിലാണ് ദേശാഭിമാനിയില്‍ മുന്‍പേജില്‍ തന്നെ വാര്‍ത്ത നല്‍കിയത്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ സിപിഎം പാറമേല്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. അലന്‍ കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.
മനുഷ്യാവകാശ-സാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയെുള്ളവര്‍ പിന്നീട് വിഷയം സജീവ ചര്‍ച്ചകളിലേക്ക് എത്തിച്ചപ്പോള്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ലീഗും മുന്നണി തലത്തില്‍ തന്നെ വിഷയത്തില്‍ സജീവമായി ഇടപെടാനും വിദ്യാര്‍ത്ഥികളുടെ വീടുകള്‍ പ്രതിപക്ഷസംഘം സന്ദര്‍ശിക്കുന്നതില്‍ വരെ എത്തിയത്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായ ആദ്യപ്രതികരണങ്ങളില്‍ ഒന്ന് എംകെ മുനീര്‍ എം.എല്‍.എയുടേതായിരുന്നു. വിഷയത്തില്‍ മുന്നണി തലത്തില്‍ ഇടപെടലുണ്ടാവുമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ വീട് പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സംഭവം നടന്ന് മൂന്നുമാസത്തോട് അടുക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ ഇടപെടലുണ്ടാകുന്നത്.
യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തിരുന്നു എന്നത് യു.എ.പി.എക്കെതിരായ സി.പി.ഐ.എമ്മിന്റെ നിലപാടു പറയുമ്പോല്‍ എടുത്തിടപ്പെടുന്ന കാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്ന്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ മന്ത്രിസഭ ഭരിക്കുമ്പോഴായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രചരണങ്ങളുടെ പേരില്‍ കേരളത്തില്‍ ചുമത്തപ്പെട്ടത് 9 യു.എ.പിഎ കേസുകളാണ്.
യു.എ.പി.എയ്ക്കും അതിന്റെ മുന്‍കാല മാതൃകാ രൂപങ്ങളായ ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍ക്കുമെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരും വിവിധ ഇടതുപാര്‍ട്ടികളും ജനങ്ങളും പലകാലങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോഴാണ് നിയമം ചുമത്തുന്നതിന് പക്ഷപാതമുണ്ടെന്നും അത് ദുരുപയോഗപ്പെടുന്നുണ്ടെന്നുമുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ തന്നെ സജീവമായത്. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായി ടാഡയും പോട്ടയും എടുത്തുകളഞ്ഞെങ്കിലും ഈ നിയമങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി യു.എ.പി.എ 2008ലും പിന്നീട് 2019ലും ഭേദഗതി ചെയ്ത് പുനരവതരിപ്പിക്കുകയായിരുന്നു.
20ഉം 24ഉം വയസ്സുമാത്രമുള്ള രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തി എന്നത് മാത്രമല്ല സര്‍ക്കാരിനെതിരെ ഇത്തവണ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. പുസ്തകം വായിച്ചതിന്റെയും ലഘുലേഖകള്‍ കയ്യിലുണ്ടായിരുന്നു എന്നതിന്റെയുമെല്ലാം പേരില്‍ യു.എ.പി.എ എടുത്ത് ദുരുപയോഗം ചെയ്യുന്നു എന്ന വിമര്‍ശനമാണ് ആദ്യം മുതല്‍ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുമുണ്ടായത്.
‘എന്തുവായിക്കണം, എപ്പോ വായിക്കണം, ഏതൊക്കെ പുസ്തകങ്ങള്‍ കൈവശം വയ്ക്കാം. മറിച്ചു നോക്കാവുന്ന പുസ്തകങ്ങള്‍ ഏവ? ലഘുലേഖകള്‍? ഒരു ലിസ്റ്റ് ഗവണ്‍മെന്റ് ഇറക്കിയാല്‍ വല്യ ഉപകാരമായി’ ഷൗക്കത്ത് കാരമട വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് എഴുതിയ പോസ്റ്റിലെ ഒരുഭാഗമാണിത്. നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ അപകടകരമായ ഒരന്തരീക്ഷത്തെക്കുറിച്ച് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങളുമുണ്ടായി.
സച്ചിദാനന്ദനെ പോലെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും വിഷയത്തില്‍ ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. യു.എ.പി.എ തന്നെ ഒരു കരിനിയമമാണെന്നും വ്യക്തികളെയും ഭീകരവാദികളായി കാണാമെന്ന ഭേദഗതി അതിനെ ഒന്നുകൂടി കറുത്തതാക്കിയിരിക്കുന്നു എന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും, പ്രത്യേകിച്ച് ഇടതുപക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത ഒന്നാണത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതുമായി ബന്ധപ്പെട്ട് ചോദിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന മറുപടികള്‍ വളരെ നിരാശാജനകവും അഹങ്കാര പൂര്‍ണ്ണവുമാണെന്നും സച്ചിദാനന്ദന്‍ തുറന്നടിച്ചിരുന്നു.
കേസിലെ സി.പി.ഐ.എമ്മിന്റെ ആദ്യ പ്രതികരണങ്ങളിലേക്ക്
കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ പോലീസിനെതിരെ സി.പി.ഐ.എം കോഴിക്കോട് ജില്ലാഘടകം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പോലീസ് പുനരാലോചന നടത്തേണ്ടതുണ്ടെന്നായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആദ്യം പ്രതികരിച്ചത്.
‘അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. സമഗ്രാന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂ. മാവോയിസ്റ്റുകളുമായി സ്‌നേഹബന്ധമോ മറ്റോ ഉണ്ടെന്ന ഒറ്റത്തെളിവു വെച്ച് യു.എ.പി.എ ചുമത്തുന്നതിനോട് യോജിക്കാനാവില്ല.
ഇവര്‍ മാവോയിസ്റ്റ് എന്ന ഭീകരസംഘടനയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആശയങ്ങളും അഭിപ്രായങ്ങളും എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ശേഷം ജനങ്ങളാണ് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത്. അതില്‍ നിന്ന് വ്യത്യസ്തമായി, പൊതുരാഷ്ട്രീയ ധാരയില്‍ നിന്ന് വ്യത്യസ്തമായി ആക്രമങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇവരെ നേരിട്ടറിയില്ല. പാര്‍ട്ടി അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്.
അവര്‍ ഇതില്‍ പങ്കാളികളാണെങ്കില്‍ സി.പി.ഐ.എമ്മിന്റെ ഭാഗമായി അവര്‍ക്ക് നില്‍ക്കാന്‍ കഴിയില്ല.’ മോഹനന്‍ മാസ്റ്ററുടെ വിഷയത്തിലെ ആദ്യ പ്രതികരണങ്ങളിലൊന്നായിരുന്നു ഇത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ മോഹനന്‍ മാഷുടെ പ്രതികരണം ആദ്യഘട്ടത്തില്‍ സി.പി.ഐ.എമ്മിന്റെ നിലപാടായും ഒരു പരിധിവരെ സംസ്ഥാന സര്‍ക്കാരിന്റെ വിഷയത്തിലെ സമീപനമായും പ്രതീക്ഷയോടെയാണ് പലരും കേട്ടത്. ഇതിനൊപ്പം പോലീസ് നടപടിയെ എതിര്‍ത്ത് എം.സ്വരാജ് എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രംഗത്തെത്തിയതും ഇത്തരത്തിലൊരു ചിന്തയ്ക്ക് ആക്കം കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്നായിരുന്നു സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിക്കെതിരേ ശക്തമായി തുടക്കത്തില്‍ മുന്നിട്ടിറങ്ങിയ പന്നിയങ്കര ലോക്കല്‍ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് നിലപാടെടുത്തിരുന്നു. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പോലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിന്റെ പേരില്‍ വകുപ്പ് ചുമത്താനാവില്ലെന്നും കമ്മിറ്റി പരസ്യമായി നിലപാടെടുത്തു. മാത്രമല്ല കേസിന്റെ തുടക്കത്തില്‍ പാര്‍ട്ടി അലന്റെയും താഹയുടേയും കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിരുന്നു.
എന്നാല്‍ യുവാക്കള്‍ക്ക് നിയമസഹായം നല്‍കുമെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി മോഹനന്‍ മാസ്റ്റര്‍ തന്നെ വീണ്ടും രംഗത്തെത്തി. യു.എ.പി.എ ചുമത്തിയതില്‍ മാത്രമാണ് എതിര്‍പ്പെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് നവംബര്‍ എട്ടിനു ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായിരുന്നു. അന്വേഷണ സമിതി വിഷയം പരിശോധിക്കട്ടേയെന്നും അതിനു മുന്‍പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലായെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.
ഇതിനും നാലുദിവസങ്ങള്‍ മുന്‍പാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു നിരപരാധിക്കുമെതിരെ യു.എ.പി.എ ചുമത്തുന്നത് കരുതാനാവില്ലെന്നും അതിനാല്‍ നടപടി സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. കോടതിയും അന്വേഷണ സംഘവും പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സര്‍ക്കാര്‍ ഇടപെട്ട് യു.എ.പി.എ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമുള്ള നിരീക്ഷണമായിരുന്നു പാര്‍ട്ടിയില്‍ പിന്നീടുണ്ടായത്.
എല്‍.ഡി.എഫിലെ ഘടകക്ഷിയായ സി.പി.ഐ ആദ്യം മുതല്‍ തന്നെ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു.. പോലീസ് റിപ്പോര്‍ട്ടിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരെ കുറിച്ച് ബഹുമാനമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. യു.എ.പി.എക്കെതിരെ എ.ഐ.വൈ.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലായിരുന്നു കാനത്തിന്റെ വിശദീകരണം.
നടപടിയില്‍ പ്രതിഷേധവുമായി ജില്ലാ കമ്മിറ്റിയും പന്തീരാങ്കാവ് ഘടകവും പരസ്യമായി തുടക്കത്തിലേ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹറയോട് ഏത് സാഹചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് വ്യക്തമാക്കണമെന്നത് സംബന്ധിച്ച് വിശദീകരണം തേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അലന്റെയും താഹയുടേയും വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും പുസ്തകവും ലഭിച്ചിട്ടുള്ളതായാണ് പോലീസ് പറയുന്നത്. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാദമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി ആയിരുന്നു പിണറായിയുടെ വിശദീകരണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് അവതരിപ്പിച്ചത്.
നിലപാടിലെ മലക്കം മറിച്ചില്‍