| Saturday, 10th October 2020, 6:00 pm

സംസ്ഥാനത്ത് പുതുതായി 11755 പേര്‍ക്ക് കൂടി കൊവിഡ്; ഒറ്റദിവസത്തെ ഏറ്റവും വലിയ പ്രതിദിന നിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

95,918പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  10,471പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.  ഇതില്‍ 952 പേരുടെ ഉറവിട വിവരമറിയില്ല.

116 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാംപിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ, നവംബർ മാസങ്ങൾ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിർണായക കാലഘട്ടമായി വേണം കണക്കാക്കാൻ. കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടത്തണം. എങ്കിൽ മാത്രമേ മരണനിരക്ക് തടയാനാകുകയുള്ളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

നിലവിലെ സാഹചര്യത്തിൽ‌ 10,000ത്തിൽ കൂടുതൽ കേസുകൾ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടിയെങ്കിലും  എ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഈ പകർച്ചവ്യാധി അതിശക്തമായി തുടരുകയാണ്.മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് പത്തിരട്ടി മരണങ്ങൾ നടന്നു. വിദഗ്ദ്ധർ പറഞ്ഞത് പോലെ ഇപ്പോൾ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എട്ട് മാസങ്ങളായി അവിശ്രമം പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർ ക്ഷീണിതരാണ്. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അത് പരിപൂർണ്ണമായും അവർക്ക് നൽകണം. അവരുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കണം. രോഗവ്യാപനം തടയാൻ ഒരുമിച്ച് നിൽക്കണം. അതിന് എല്ലാവരും സന്നദ്ധരാവണം.

കൊവിഡ് ബ്രിഗേഡിൽ 18957 പേർ രജിസ്റ്റർ ചെയ്തു. ഇവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. എംബിബിഎസ് ഡോക്ടർമാർ 543 പേരാണ്. ഈ ഘട്ടത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. കൂടുതൽ ഡോക്ടർമാർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം. സേവനം നാടിന് അനിവാര്യമായ ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala COVID19 Updates on October 10 2020

We use cookies to give you the best possible experience. Learn more