ന്യൂദല്‍ഹി: കേരളത്തില്‍ ഇതുവരെ 18 വയസിന് മുകളിലുള്ള 44 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തേക്ക് ഈ മാസം മാത്രം രണ്ടാം ഡോസ് വാക്‌സിനായി 60 ലക്ഷം ഡോസ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തുടര്‍ച്ച നേടിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ദല്‍ഹിയിലെത്തുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കും കൊവിഡ് പ്രതിരോധത്തിനും പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച.
കേന്ദ്ര പെട്രോളിയം, നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കൊച്ചി മെട്രോ അടക്കം മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.