കൊച്ചി: കൊവിഡ് വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ 55 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത് 42 ശതമാനമാണ്.
കേരളത്തില്‍ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനമാണ്.
അതേസമയം കേരളത്തിന് അധിക ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ജൂലൈയില്‍ 60 ശതമാനം അധിക വാക്സിനാണ് കേരളത്തില്‍ എത്തിച്ചത് എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന ഹരജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനസംഖ്യാ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 39,02,580 വാക്സിന്‍ ഡോസുകളാണ് കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 61,36,720 ഡോസുകള്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കി. കണക്ക് അനുസരിച്ച് ഇത് അറുപത് ശതമാനം അധികമാണെന്നും കേന്ദ്രം അറിയിച്ചു.