കൊവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു
Kerala News
കൊവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 7:59 am

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.

മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കൊവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച 6075 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid; Tight restrictions imposed on Secretariate