| Tuesday, 8th September 2020, 3:15 pm

'കൊവിഡ് വ്യാപനം കൂടുമ്പോള്‍ പരിശോധന കുറച്ചു'; ഞായറാഴ്ചത്തെ പരിശോധന മുന്‍ദിവസത്തേക്കാള്‍ നേര്‍പകുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധന വെട്ടിക്കുറച്ച നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നു.

സെപ്റ്റംബര്‍ ആറിന് സംസ്ഥാനത്ത് 41,392 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3082 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവായത്. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നതും അന്നായിരുന്നു.

എന്നാല്‍ ഇന്നലെ( സെപ്റ്റംബര്‍ ഏഴിന്) 1648 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 20215 സാമ്പിളുകള്‍ മാത്രമായിരുന്നു ഈ ദിവസം പരിശോധിച്ചത്.

തൊട്ടുമുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് നേര്‍പകുതി സാമ്പിളുകള്‍ മാത്രമായിരുന്നു ഇന്നലെ പരിശോധിച്ചത്. പരിശോധന നേര്‍പകുതിയാക്കിയതാണ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ കുറവിന് കാരണമായത്.

സെപ്റ്റംബര്‍ അഞ്ചാം തിയതി 40,162 സാമ്പികളുകളാണ് പരിശോധിച്ചത്. 2655 പേര്‍ക്കായിരുന്നു അന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

നാലാം തിയതി 36,310 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 2479 പേര്‍ക്ക് പോസിറ്റീവായി. മൂന്നാം തിയതി 30,342 സാമ്പിളുകളുമാണ് പരിശോധിച്ചത്.

പരിശോധനകളുടെ എണ്ണം കൂടിവരുന്ന കാഴ്ചയായിരുന്നു ഈ ദിവസങ്ങളില്‍ കണ്ടത്. മാത്രമല്ല സെപ്റ്റംബര്‍ അഞ്ചാം തിയതി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിദിനം 50000 സാമ്പിളുകള്‍ പരിശോധിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഇന്നലെ മാത്രം 20215 സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്കായി എടുത്തത്. ഇന്നലെ ഞായറാഴ്ചയായിരുന്നെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എന്നുമാണ് ആരോഗ്യവകുപ്പ് ഇതില്‍ നല്‍കിയ വിശദീകരണം.

സ്വകാര്യ ലാബിലടക്കമാണ് പരിശോധന നടക്കുന്നതെന്നും അവിടെ സ്റ്റാഫുകളുടെ എണ്ണത്തിലും പരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതാണ് കാരണമെന്നുമായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചത്.

എന്നാല്‍ മുന്‍ ഞാറാഴ്ചകളിലെയും അവധി ദിവസങ്ങളിലേയും ടെസ്റ്റുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ആ വാദം ശരിയല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഓഗസ്റ്റ് 23ാം തിയതി 36353 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. അതിന് തൊട്ടടുത്ത ദിവസം 26156 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. 10000 സാമ്പിളുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഓഗസ്റ്റ് 15, 16 തിയ്യതികളില്‍ അവധിയായിരുന്നു. 16ാം തിയതി 30,123 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതിന് മുന്‍പത്തെ ദിവസവുമായി 2000 സാമ്പിളുകളുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിനിടെ എടുത്തുപറയത്തക്ക കുറവുണ്ടായ ഒരു ദിവസം തിരുവോണ നാളായിരുന്നു. അന്ന് ഏതാണ്ട് 14000 സാമ്പിളുകള്‍ മാത്രമായിരുന്നു പരിശോധിച്ചത്. തൊട്ടുമുന്‍പത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ നേര്‍പകുതിയായി പരിശോധന കുറഞ്ഞിട്ടുമില്ല.

പ്രതിദിനം 50000 സാമ്പിളുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തില്‍ വളരെ പെട്ടെന്ന് പരിശോധനാ നിരക്ക് നേര്‍ പകുതിയായി കുറച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതില്‍ അത്തരം അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more