| Saturday, 11th July 2020, 12:26 pm

കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു; അപകടകരമായ സാഹചര്യമെന്ന് ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ).

ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐ.എം.എ പറഞ്ഞു.

ലോക്ഡൗണ്‍ ഇളവുകല്‍ ആളുകള്‍ ദുരുപയോഗം ചെയ്തു. രോഗവ്യാപനം വേഗത്തില്‍ കൂടുന്നുവെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.

കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി നേരത്തേയും ഐ.എം.എ അറിയിച്ചിരുന്നു. കേരളത്തില്‍ രോഗലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം പിടിപെടുന്നതും കേരളത്തില്‍നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അവിടെ കൊവിഡ് പോസിറ്റീവാകുന്നതുമെല്ലാമാണ് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നതിന്റെ സാധ്യതയായി ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.

കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് കേരളം എത്തിയേക്കാമെന്നാണ് ഐ.എം.എയുടെ മുന്നറിയിപ്പ്. കൊവിഡ് വരില്ലെന്ന വിശ്വാസം തെറ്റാണെന്നും സമൂഹ വ്യാപന മുന്നറിയിപ്പ് നല്‍കുന്നത് പോലും ജനങ്ങള്‍ കാര്യത്തെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കാന്‍ വേണ്ടി കൂടിയാണെന്നുമാണ് ഐ.എം.എ പറയുന്നത്.

എന്നാല്‍ കേരളത്തില്‍ ഈ ഘട്ടം വരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആ കേസുകള്‍ ക്ലസ്റ്ററുകളായി മാറുകയും അത് മള്‍ട്ടി കമ്യൂണിറ്റി ക്ലസ്റ്റായി മാറുകയും ചെയ്യുമ്പോള്‍ മാത്രമേ സമൂഹവ്യാപനം നടന്നുവെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ അത്തരമൊരു സാഹചര്യത്തില്‍ കേരളം എത്തിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more