അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്: സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാം: ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണത്തെ കുറിച്ച് ഡി.ഐ.ജി
Kerala
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്: സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാം: ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണത്തെ കുറിച്ച് ഡി.ഐ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 11:46 am

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രസ്തുത ദിവസങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡി.ഐ.ജി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂവെന്നും ഓട്ടോ ടാക്‌സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രമേ പാടുള്ളൂവെന്നും ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചറിയില്‍ രേഖ കാണിക്കണമെന്നും സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.

ലോക്ക്  ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കുള്ളു. വേനല്‍ക്കാല ക്യാമ്പുകള്‍ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ മതിയെന്നും സ്വകാര്യമേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്‌കരിച്ചു. ഹൈറിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം 14 ദിവസമായി വര്‍ദ്ധിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലാക്കും.

എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Kerala Covid Saturday Sunday Restrictions