കഴിഞ്ഞ ഫെബ്രുവരി മുതല്‍ കേരളം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. തുടക്കത്തില്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ പ്രതിദിന കൊവിഡ് നിരക്ക് 6000 കടന്നിരിക്കുന്നു. 45000ത്തോളം രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ കൊവിഡ് ചികിത്സ മുടങ്ങിയ അവസ്ഥയും സംജാതമായി.
ഇത്തരമൊരു സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.
‘രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് വീട്ടുനിരീക്ഷണം ഫലപ്രദമാണ്. ഇവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോംക്വാറന്റീന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അനാവശ്യഭീതി കാരണം വീട്ടില്‍ മതിയായ സൗകര്യമുള്ളവര്‍ തന്നെ ഇതിന് തയ്യാറാകുന്നില്ല.
പലപ്പോഴും കുടുംബാംഗങ്ങളും നാട്ടുകാരും ചികിത്സകേന്ദ്രത്തിലേക്ക് പോകാന്‍ ഇവരെ നിര്‍ബന്ധിക്കുന്നു. ക്വാറന്റീന്‍ കാര്യത്തിലെന്ന പോലെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ഐസോലേഷനില്‍ കഴിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല’- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറയ്ക്കാന്‍ കുടുംബാന്തരീക്ഷത്തില്‍ തന്നെ കഴിയുന്നത് സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലൂടെ ചികിത്സ കേന്ദ്രങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കായും മാറ്റിവെയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് രോഗങ്ങളൊന്നുമില്ലാത്തതുമായ കൊവിഡ് രോഗികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് ഉചിതമെന്ന് തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകയായ ഷീബ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യമുള്ളവര്‍ക്ക് ഞങ്ങള്‍ ഈ നിര്‍ദ്ദേശം തന്നെയാണ് നല്‍കുന്നത്. കൊവിഡ് സെന്ററുകളിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് അവരവരുടെ വീടുകളില്‍ മതിയായ മുന്‍കരുതലുകള്‍ പാലിച്ച് കഴിയുന്നത് തന്നെയാണ്.
ചിലപ്പോഴൊക്കെ രോഗിയെ വീട്ടിലിരുത്തി ചികിത്സിക്കുന്നതിനെതിരെ ചിലര്‍ ഞങ്ങളോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനെ ഇപ്പോള്‍ നമുക്ക് കഴിയുകയുള്ളു. രോഗലക്ഷണങ്ങളില്ലാതെ പൊസിറ്റീവായ എഴ് പേര്‍ ആണ് ഞങ്ങളുടെ വാര്‍ഡില്‍ വീടുകളില്‍ കഴിയുന്നത്.
മതിയായ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് അവര്‍ക്ക് വീടുകളില്‍ ചികിത്സ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കുഞ്ഞുങ്ങളൊക്കെയുള്ള ചില വീടുകളില്‍ ഇത് പ്രായോഗികമല്ല. അസൗകര്യമാണെന്ന് അവര്‍ പറയുമ്പോഴാണ് അവരെ കൊവിഡ് സെന്ററുകളിലേക്ക് മാറ്റുന്നത്. ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ക്ക് കൊവിഡ് പൊസിറ്റീവായാല്‍ അത്തരക്കാരെ മാത്രമേ കൊവിഡ് സെന്ററുകളിലേക്ക് മാറ്റാറുള്ളു’- ഷീബ പറഞ്ഞു.
ഒറ്റപ്പെടുത്തുകയല്ല, വീണ്ടും ഒന്നിക്കാന്‍ വേണ്ടിയാണ് ഹോം ഐസൊലേഷന്‍
ഹോം ഐസൊലേഷന്‍ എന്നാല്‍ ഒരു വ്യക്തിയെ വീടിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിട്ട് ജയില്‍ സമാനമായ ഭീതി സൃഷ്ടിക്കലല്ല. കുടുംബാംഗങ്ങളുടെ പിന്തുണയും ആത്മവിശ്വാസവും അയാളില്‍ രോഗത്തില്‍ നിന്നും മുക്തിനേടാനുള്ള ശക്തി പ്രദാനം ചെയ്യുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
കൊവിഡ് രോഗത്തിന് വീട്ടില്‍ തന്നെ നിരീക്ഷണത്തിലിരിക്കുന്നതിനെപ്പറ്റിയുള്ള പ്രതികരണത്തില്‍ ഭൂരിഭാഗം പേരും പറഞ്ഞത് ഹോം ഐസൊലേഷന്‍ വളരെയധികം ഫലപ്രദമാണെന്നാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ശുചിത്വം പാലിച്ചും വീട്ടില്‍ തന്നെ നിരീക്ഷണത്തിലിരുന്ന കുറച്ചുപേര്‍ ഇതേപ്പറ്റി ഞങ്ങളോട് മനസ്സുതുറന്നിരുന്നു.
‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഹോംക്വാറന്റീന്‍ തന്നെയാണ് ഫലപ്രദമായി തോന്നിയത്. വേറൊരു വീട്ടില്‍ ഒറ്റയ്ക്കാണ് ഞാന്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയത്. മറ്റ് കുടുംബാംഗങ്ങള്‍ക്ക് എന്നിലൂടെ രോഗം വരുമോ എന്ന ടെന്‍ഷന്‍ ഇല്ലായിരുന്നു. മാത്രമല്ല നിരീക്ഷണക്കാലത്ത് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ പറ്റിയിരുന്നു. ആശുപത്രികളിലേക്ക് പോയിരുന്നെങ്കില്‍ ഒരുപക്ഷെ സൗകര്യപൂര്‍വ്വം ജോലി ചെയ്യാന്‍ കഴിയില്ലായിരുന്നു. ഒറ്റയ്ക്ക് മാറി നില്‍ക്കാന്‍ എനിക്ക് സൗകര്യം കിട്ടിയിരുന്നതുകൊണ്ടാണ് ഹോംക്വാറന്റീന്‍ ഫലപ്രദമാണെന്ന് എനിക്ക് തോന്നിയത്. എന്നാല്‍ നമ്മുടെയിടയിലും ആരും നോക്കാനില്ലാത്തവര്‍ ധാരാളമുണ്ടാകും. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ആശുപത്രിയിലെ നിരീക്ഷണത്തിലേക്ക് മാറുന്നതാകും നല്ലത്- കോഴിക്കോട് സ്വദേശിയായ ഷാരോണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഹോം ഐസൊലേഷന്‍ അല്ലെങ്കില്‍ കൊവിഡ് സെന്റര്‍, എതാണ് ഫലപ്രദം?
വൈറസ് ബാധിച്ച രോഗികളുടെ ആരോഗ്യനിലയെ അടിസ്ഥാനപ്പടുത്തിയാണ് അയാളെ ഹോം ഐസൊലേഷനില്‍ ആക്കണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന് നിശ്ചയിക്കുന്നത്. രോഗിയുടെ പ്രായം, രോഗലക്ഷണങ്ങള്‍, മറ്റ് രോഗങ്ങളുടെ ചികിത്സ ചെയ്യുന്നവര്‍ എന്നിങ്ങനെ അടിസ്ഥാനപ്പടുത്തി മാത്രമാണ് ചികിത്സ എവിടെ വേണമെന്ന് നിശ്ചയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായശേഷം ഏതാണോ ഫലപ്രദമെന്ന് തോന്നുന്നത് അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശിക്കാം- തിരുവനന്തപുരം സ്വദേശിയായ ഡോ. ദേവിക എം.ആര്‍ പ്രതികരിച്ചു.
ആര്‍ക്കുവേണമെങ്കിലും കൊവിഡ് പിടിപെടാം എന്ന അവസ്ഥയാണിപ്പോഴെന്നും അശ്രദ്ധ മാറ്റിവെച്ച് എല്ലാവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയൂവെന്നാണ് ആശ പ്രവര്‍ത്തകയായ ലിസി വിജയന്‍ പ്രതികരിച്ചത്.
‘ഇപ്പോള്‍ ഞങ്ങളുടെ വാര്‍ഡില്‍ കൊവിഡ് പൊസിറ്റീവായ 8 പേര്‍ വീടിനുള്ളില്‍ തന്നെ ചികിത്സയിലാണ്. അവര്‍ക്കുള്ള അത്യാവശ്യ സാധനങ്ങളും മറ്റും ഞങ്ങള്‍ തന്നെയാണ് എത്തിക്കുന്നത്.
ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതിനെക്കാള്‍ ഭേദമല്ലേ ഇത്. എന്നാല്‍ മറ്റ് രോഗമുള്ളവര്‍ക്കും പ്രായാധിക്യ രോഗങ്ങളുള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ ഫലപ്രദമായിക്കൊള്ളണമെന്നില്ല. എന്നാല്‍ നേരിയ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കപ്പട്ടികയില്‍ വന്ന ലക്ഷണങ്ങളില്ലാത്തവരും മറ്റ് രോഗങ്ങളില്ലാത്തവരും വീട്ടില്‍ കഴിയുന്നതല്ലെ നല്ലത്. സമാധാനവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ അത് സഹായിക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങളും കൊവിഡ് ചട്ടങ്ങളും പാലിച്ച് മാത്രമേ വീട്ടില്‍ കഴിയാന്‍ പാടുള്ളു. അതിലൂടെ മാത്രമേ രോഗത്തെ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ നമുക്ക് സാധിക്കുകയുള്ളു’- ലിസി വിജയന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിദിനരോഗികള്‍ 6000 കടക്കുന്നത് മുന്‍കരുതലുകളില്‍ കാണിക്കുന്ന വീഴ്ചകളുടെ ഫലമാണെന്നാണ് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് സെന്ററുകള്‍ രോഗികളെക്കൊണ്ട് നിറയാതിരിക്കാനും വഴിയോരത്ത് ആളുകള്‍ മരിച്ചുവീഴുന്നത് തടയാനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ സദാസമയവും ജാഗരൂകരായിരിക്കുന്നത്. എന്നാല്‍ അവരുടെ നിര്‍ദ്ദേശത്തെ ഉത്തരവാദിത്തത്തോടെ സ്വീകരിക്കാന്‍ ജനങ്ങളും തയ്യാറായെങ്കില്‍ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒമ്പത് മാസമായി ലോകത്തെയൊന്നാകെ പ്രതിസന്ധിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ പരീക്ഷണങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന മുന്നറിയിപ്പുകളാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. വൈറസ് പിടിപെടാതെ നോക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.
കേരളത്തില്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 6000 കടന്നതോടെ ജാഗ്രതയും മുന്‍കരുതലും കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിനെ ഭയന്ന് ഒളിച്ചോടേണ്ട അവസ്ഥയല്ലെന്നും ഉത്തരവാദിത്തമുള്ള മുന്‍കരുതലാണ് രോഗവ്യാപനത്തെ കുറയ്ക്കുന്നതെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.