സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയരും; എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാം: ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്
Kerala News
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയരും; എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാം: ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th September 2020, 7:32 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

60വയസിന് മുകളിലുളള 405 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് മരിച്ചവരില്‍ 72.73 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ.

 

സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് വര്‍ധനവാണ് പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായത്. ഇന്നലെ 5376 പേര്‍ക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ 852 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. അഞ്ചുജില്ലകളില്‍ അഞ്ഞൂറിന് മുകളിലാണ് പുതിയ കൊവിഡ് രോഗികള്‍. എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

 

അതേസമയം കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളുമായി നടത്തിയ വിര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് കൊവിഡ് വ്യാപനത്തെ ചെറുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. പരിശോധന, ചികിത്സ, നിരീക്ഷണം എന്നിവ പ്രധാനമാണെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights: covid death rate kerala