തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പക്ഷേ അതിന് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോള്‍ അനുസരിച്ചാകും സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുക.
സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവരില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കളമശേരിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട 69 കാരന്‍ കടുത്ത ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും പറഞ്ഞിരുന്നു. ഹൈ റിസ്‌ക്കില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കൊവിഡ് മരണം ആണെങ്കില്‍ പോലും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് 22 ാം തിയതി തന്നെ ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധ ഉണ്ടായിരുന്നു.
നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് ഇദ്ദേഹം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കൊവിഡ് ബാധിച്ച വ്യക്തിയെന്ന നലിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മെഡിക്കല്‍ ബോര്‍ഡ് മരണം സ്ഥിരീകരിച്ചത്.