| Saturday, 28th August 2021, 6:22 pm

മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായി; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്‌സിന്‍ ആദ്യം തന്നെ നല്‍കിയത് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയില്‍ കൊണ്ടു പോകാന്‍ നമുക്കായെന്നും അദ്ദേഹം പറഞ്ഞു.

ദേശീയനിരക്കുമായി താരത്മ്യം ചെയ്താല്‍ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും കേരളത്തിന് നേരിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്.

ഇങ്ങനെ മരണനിരക്ക് കൂടാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Covid Death CM Pinaray Vijayan

We use cookies to give you the best possible experience. Learn more