കേരളത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്; അസുഖം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തിലും വര്‍ധന
Kerala
കേരളത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്; അസുഖം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തിലും വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th April 2020, 10:22 am

കണ്ണൂര്‍: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിക്കുന്നത്.

തുടര്‍ച്ചയായി അഞ്ചാം ദിവസവും തൃശൂരില്‍ പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഒന്‍പത് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. പരിശോധനാഫലം നെഗറ്റീവ് ആയ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടര്‍ച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും.

15033 പേരാണ് തൃശൂരില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ ആശുപത്രിയിലുള്ളത് 37 പേരാണ്. 340 പേരോട് പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കിയ 28 പേരെ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കി.

തൃശൂരില്‍ നിന്ന് 19 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

എറണാകുളത്തിന്റേയും സ്ഥിതി വ്യത്യസ്തമല്ല. തുടര്‍ച്ചയായ രണ്ടാം ദിവസവും ജില്ലയില്‍ കൊവിഡ് 19 രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ലഭിച്ച 41 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ 18 പേരാണ് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ വിദേശികളാണ്.

104 സാമ്പിള്‍ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 33 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. 18 പേര്‍ മെഡിക്കല്‍ കോളേജിലും, 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും, 9 പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം 2362 പേരോടാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടത്.

ഇതില്‍ 1520 പേര്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരാണ്.

കേരളത്തില്‍ കൊവിഡ് ഭേദമായവര്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. രോഗം സ്ഥിരീകരിച്ച അന്‍പത്തിയാറില്‍ 28 പേരും ആശുപത്രി വിട്ടു.

അഞ്ചരക്കണ്ടിയില്‍ പതിനൊന്ന് ദിവസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയില്‍ നിന്നും 9 പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 9 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് 8 പേരും ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയവരില്‍ ഗര്‍ഭിണിയുമുണ്ട്. രണ്ട് തവണ സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ