| Saturday, 23rd May 2020, 5:37 pm

കേരളത്തില്‍ ദിവസവും നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാം; ആശങ്ക വേണ്ടെന്ന് ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഐ.എം.എ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. മൂന്ന് ഡിജിറ്റ് വരെ വന്നേക്കാം. ഇതില്‍ ആശങ്ക വേണ്ട. നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാം’, സുല്‍ഫി പറഞ്ഞു.

ആരില്‍ നിന്ന് രോഗം വരുന്നുവെന്ന നമുക്ക് വ്യക്തതയുണ്ട്. രോഗികളുടെ എണ്ണം ദിവസവും ആയിരത്തിലേക്ക് കടന്നാലാണ് ആശങ്ക വേണ്ടത്. മഴക്കാലരോഗങ്ങള്‍ വരുന്ന സാഹചര്യം ഗൗരവമാണെന്നും അദ്ദേഹം പറഞ്ഞു.

രോഗികളെ ട്രേസ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും സാമൂഹ്യവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്.

13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more