തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. ഇവര്‍ ഒരേ കുടുംബങ്ങളിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കണ്ണൂരും കോട്ടയത്തും ഓരോ ആളുകള്‍ക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.
പുതിയ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ജാഗ്രത കൈവിടാതിരുന്നാല്‍ ഇതിനേയും അതിജീവിക്കാമെന്നും മന്ത്രി പറഞ്ഞു.
‘ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തേക്കിറങ്ങുക. വിദേശത്ത് നിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും’, ശൈലജ പറഞ്ഞു.
ഡിസംബര്‍ 14 ന് ശേഷമുള്ള തിയതികളിലാണ് രോഗബാധിതര്‍ കേരളത്തിലെത്തിയത്. എല്ലാവരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. കൂടുതല്‍ പേരുടെ പരിശോധനാഫലം കാത്തിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും.
ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,99,621 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3160 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 284 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 456, മലപ്പുറം 378, എറണാകുളം 350, തൃശൂര്‍ 273, കോട്ടയം 225, ആലപ്പുഴ 226, തിരുവനന്തപുരം 143, കൊല്ലം 177, പാലക്കാട് 51, കണ്ണൂര്‍ 98, പത്തനംതിട്ട 88, ഇടുക്കി 77, വയനാട് 75, കാസര്‍ഗോഡ് 26 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, തിരുവനന്തപുരം 10, എറണാകുളം 6, തൃശൂര്‍, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5145 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 271, കൊല്ലം 273, പത്തനംതിട്ട 400, ആലപ്പുഴ 240, കോട്ടയം 800, ഇടുക്കി 28, എറണാകുളം 749, തൃശൂര്‍ 677, പാലക്കാട് 258, മലപ്പുറം 522, കോഴിക്കോട് 373, വയനാട് 151, കണ്ണൂര്‍ 246, കാസര്‍ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,135 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,12,389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,135 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,699 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചേലക്കര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 447 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക