| Sunday, 3rd May 2020, 8:44 am

5 ദിവസം കൊണ്ട് 7203 കൊവിഡ് പരിശോധന; പ്രതിരോധത്തിലും ചികിത്സയിലും കേരളം രാജ്യത്തിനു മാതൃകയെന്ന് ഐ.സി.എം.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐ.സി.എം.ആര്‍ വക്താവും പകര്‍ച്ചവ്യാധി-സമ്പര്‍ക്ക രോഗവിഭാഗം മേധാവിയുമായ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകളാണ് കേരളം നടത്തിയത്. പ്രതിദിന ശരാശരി 1440 ആണ്.

പരിശോധനകളില്‍ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണു നടന്നിരുന്നത്.

തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനാ കിറ്റുകളുടെ കുറവാണ് ടെസ്റ്റുകള്‍ കുറയ്ക്കാന്‍ കാരണമായത്. എന്നാല്‍, രോഗവ്യാപനം തിരിച്ചറിയാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉള്‍പ്പെടെ നിര്‍ദേശം നല്‍കി.

ഇപ്പോള്‍ പഴയതിലും മൂന്നിരട്ടിയാണ് പരിശോധന നടക്കുന്നത്.

സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഐ.സി.എം.എര്‍ അറിയിച്ചു. ആന്റിബോഡി (റാപിഡ്) ടെസ്റ്റിങ് കിറ്റുകള്‍ വഴി കുറഞ്ഞ സമയത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കാമെന്നത് തെറ്റായ ധാരണയാണ്.

ആന്റിബോഡി ടെസ്റ്റുകളുടെ ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തില്‍ സുവ്യക്തമായ പരിശോധനാഫലം ലഭിക്കുന്നത് സ്രവ പരിശോധനയിലൂടെയാണ്. ടെസ്റ്റുകളുടെ എണ്ണത്തില്‍ ഭീതി പരത്തരുതെന്നും ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

കേരളത്തില്‍ 35,660 കൊവിഡ് ടെസ്റ്റാണ് നടത്തിയതെന്ന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ പറഞ്ഞു. വ്യത്യസ്ത ഫലങ്ങള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കൊവിഡ് ഉന്നതതലസമിതി ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്രവ പരിശോധനയ്ക്കായി 466 പി.സി.ആര്‍ മെഷീന്‍ സജ്ജമാണെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. 65,000 സ്വാബ് ശേഖരണ ഉപകരണങ്ങള്‍, 45,000 പി.സി.ആര്‍ ഏജന്റ് കിറ്റ്, 38,000 ആര്‍.എന്‍.എ എകസ്ട്രാക്ഷന്‍ കിറ്റ് എന്നിവയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 5 ലക്ഷത്തോളം പേര്‍ മടങ്ങിവരുന്ന സാഹചര്യംകൂടി പരിഗണിച്ച് കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. 3 ലക്ഷം ആര്‍.ടി പി.സി.ആര്‍ കിറ്റുകളും 2 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകളും വാങ്ങാനാണ് ശ്രമം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കു സുരക്ഷ ശക്തമാക്കാന്‍ 8 ലക്ഷം പി.പി.ഇ സുരക്ഷാകിറ്റുകളും വാങ്ങും. നിലവില്‍ 45,000 കിറ്റുകളേ ബാക്കിയുള്ളൂ.

അതേസമയം കൊവിഡ് പരിശോധനയ്ക്കു സ്രവം ശേഖരിക്കാന്‍ 2 തരം സ്വാബുകളും സ്രവം സൂക്ഷിക്കാന്‍ വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയവും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. കുറഞ്ഞ വിലയില്‍ ഉടനടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇവ വിപണിയിലെത്തും.

ചിത്ര എംബഡ് ഫ്‌ലോക്ഡ് നൈലോണ്‍ സ്വാബ്, ചിത്ര എന്‍മെഷ് പോളിമറിക് ഫോം ടിപ്ഡ് ലിന്റ് ഫ്രീ സ്വാബ് എന്നിവയാണു വികസിപ്പിച്ചത്. മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്നോസ്റ്റിക്സ്, ലെവ്റാം ലൈഫ് സയന്‍സസ് കമ്പനികള്‍ക്കു സാങ്കേതികവിദ്യ കൈമാറി. അസ്വസ്ഥത കുറയ്ക്കുന്ന രീതിയിലാണു രൂപകല്‍പന.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബ്രേക്‌പോയിന്റുമുണ്ട്. ബയോടെക്നോളജി വിഭാഗം ശാസ്ത്രജ്ഞരായ ഡോ. മായ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇവ വികസിപ്പിച്ചത്.

നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശരീര സുരക്ഷാ വസ്ത്രം ലഭ്യമാക്കാനാവശ്യമായ നടപടികള്‍ക്ക് പത്തനംതിട്ടാ ജില്ലാഭരണകൂടം തുടക്കമിട്ടിരുന്നു.

ജില്ലാ ഭരണകൂടത്തിന്റൈ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പാണു ജില്ലയില്‍ സുരക്ഷാ കിറ്റ് നിര്‍മ്മിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നത്. ശരാശരി 100 എണ്ണമാണു ദിവസേന നിര്‍മ്മിക്കുന്നത്.

നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം ജില്ലാ ഭരണകൂടമാണ് നല്‍കുന്നത്. പി.പി.ഇ കിറ്റിലെ ഗൗണ്‍, മാസ്‌ക്, ഷൂ പ്രൊട്ടക്ഷന്‍ കവര്‍ എന്നിവയാണു തയ്ച്ചുനല്‍കുന്നത്.

ലോക്ഡൗണിന് ശേഷം തിരിച്ചെത്താനിരിക്കുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ധരിക്കുന്നതിനായാണ് ശരീര സുരക്ഷാ വസ്ത്രങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുന്നത്.

ജില്ലാഭരണകൂടത്തിന്റ നിര്‍ദ്ദേശപ്രകാരം പി.പി.ഇ കിറ്റുകള്‍ റാന്നിയിലെ കെ.കെ എന്റര്‍പ്രൈസിലാണ് നിര്‍മ്മിക്കുന്നത്.

പി.പി.ഇ കിറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയമം അനുസരിച്ചുകൊണ്ട് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പി.പി.ഇ കിറ്റുകളുടെ നിര്‍മ്മാണം നടക്കുന്നതെന്നും കെ.കെ എന്റര്‍പ്രൈസിന്റെ ഉടമ ജോണ്‍ തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” 5000 പീസിന്റെ ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. നിര്‍മ്മിക്കുന്നതിനനുസരിച്ച് കിറ്റുകള്‍ കൊണ്ടുപോകും. ജില്ലാവ്യവസായ വകുപ്പിനാണ് ഇതിന്റെ ചുമതല. കിറ്റിലെ ഗൗണ്‍, മാസ്‌ക്, ഷൂ എന്നിവ ഇവിടെയാണ് നിര്‍മ്മിക്കുന്നത്,” ജോണ്‍ തോമസ് പറഞ്ഞു.

ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പി.പി.ഇ കിറ്റുകളും പൂര്‍ണമായും ഇവിടെ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇവിടെനിന്നു മറ്റു ജില്ലകളിലേക്കും പി.പി.ഇ കിറ്റ് നിര്‍മ്മിച്ചുനല്‍കാന്‍ സാധിക്കുമെന്നും പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

വിപണിയില്‍ പി.പി.ഇ കിറ്റുകള്‍ക്ക് 700 മുതല്‍ 900 രൂപവരെ വിലവരുമ്പോള്‍ ഇവിടെ 200 താഴെ മാത്രമേ വിലവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ പി.പി.ഇ കിറ്റ് നിര്‍മ്മിച്ചുനല്‍കാന്‍ സാധിക്കും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. 200 രൂപയില്‍ താഴെ മാത്രമേ വിലയാകുകയുള്ളു. വിപണിയില്‍ 700 മുതല്‍ 900 രൂപ വരെയാണ് പി.പി.ഇ കിറ്റിന്റെ വില. സാമ്പിള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ വലിയ രീതിയിലുള്ള നിര്‍മ്മാണത്തിനു ജില്ല സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more