| Tuesday, 13th October 2020, 6:04 pm

സംസ്ഥാനത്ത് 8764 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7723 പേര്‍ക്ക് രോഗം ഭേദമായി.

തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 21 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിലര്‍ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഴിയരികില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവര്‍. ഇത്തരം സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാന്‍. ജാഗ്രതയില്‍ കുറവ് വരുത്താന്‍ പാടില്ല.

കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ 15 വയസില്‍ താഴെ നിരവധി കുട്ടികള്‍ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികള്‍, ഓട്ടോ തോഴിലാളികള്‍ എന്നിവര്‍ക്ക് രോഗം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അടൂരിലെ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്. നിലവില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളില്‍ കൊവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കും. ഇടുക്കിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും. കോഴിക്കോട് മാര്‍ക്കറ്റുകളും ഹാര്‍ബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

വയനാട് 155 ആദിവാസികള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോസ്റ്റ് കൊവിഡ് ചികിത്സ ആരംഭിക്കും.

കാസര്‍കോട് കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്ലാസ്മ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അതീവ രോഗബാധിതരായ രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കും. ശബരിമല സന്ദര്‍ശനത്തിന് ദിവസവും 250 പേര്‍ക്ക് വിര്‍ച്യല്‍ ക്യു ആണ് നടപ്പാക്കിയത്. മണ്ഡല മകര വിളക്ക് കാലത്തും ഇത് നടപ്പാക്കും.

ക്വാറന്റീന്‍ ലംഘിച്ച എട്ടു പേര്‍ക്കെതിരെ ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 101 പേര്‍ അറസ്റ്റിലായി. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19

We use cookies to give you the best possible experience. Learn more