വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
COVID-19
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 6:09 pm

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ക് ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച കേസ് കോടതി പരിഗണിക്കും.

അതേസമയം ഇന്ന് 10031 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,81,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4877 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂര്‍ 715, കണ്ണൂര്‍ 576, കാസര്‍ഗോഡ് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 648, കൊല്ലം 80, പത്തനംതിട്ട 156, ആലപ്പുഴ 41, കോട്ടയം 269, ഇടുക്കി 123, എറണാകുളം 515, തൃശൂര്‍ 245, പാലക്കാട് 62, മലപ്പുറം 278, കോഴിക്കോട് 464, വയനാട് 79, കണ്ണൂര്‍ 298, കാസര്‍ഗോഡ് 534 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,32,267 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19 Lock Down On Election Result May 2