ഹേർഡ് ഇമ്മ്യൂണിറ്റി: കേരളം കൊവിഡിന് ഒരു പച്ചതുരുത്തായി മാറുമോ; ആരോ​ഗ്യ രം​ഗത്ത് ചർച്ച സജീവമാകുന്നു
COVID-19
ഹേർഡ് ഇമ്മ്യൂണിറ്റി: കേരളം കൊവിഡിന് ഒരു പച്ചതുരുത്തായി മാറുമോ; ആരോ​ഗ്യ രം​ഗത്ത് ചർച്ച സജീവമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 4:32 pm

കൊവിഡ് 19 ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് ലോകത്തെ ആകമാനം ഭീഷണിയുടെ മുന്നിൽ നിർത്തുമ്പോൾ പലതരം ചർച്ചകളാണ് ആരോ​ഗ്യ രം​ഗത്ത് നടക്കുന്നത്. ഇതിനിടെ വൈറസ് വ്യാപനത്തിന് മികച്ച രീതിയിൽ തടയിടാൻ സാധിച്ച കേരളവും അന്തരാഷ്ട്ര മാധ്യമ ചർച്ചകളിൽ സജീവമായി ഇടംപിടിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളത്തിൽ ​ഗണ്യമായ കുറവ് രേഖപ്പെടുത്തിയതും ചെയിനുകളായി പെരുകുന്ന വൈറസ് വ്യാപനത്തിന്റെ കർവ്വ് ഫ്ളാറ്റൻ ചെയ്യാൻ സാധിച്ചതുമെല്ലാമാണ് കേരളം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇടംപിടിക്കാൻ ഇടയാക്കിയത്.

അതേസമയം തുടർച്ചയായി കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളം കുറവ് രേഖപ്പെടുത്തുന്ന സാ​ഹചര്യത്തിൽ മറ്റെരു ചർച്ചകൂടി കേരളത്തിൽ രൂപപ്പെട്ട് വരികയാണ്. അന്തരാഷ്ട്രതലത്തിൽ ഈ ചർച്ച നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. ഹേർഡ് ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടാണത്.

ഹേർഡ് ഇമ്മ്യൂണിറ്റി അതവാ സാമൂഹിക പ്രതിരോധ ശേഷി ഒരു പകർച്ചവ്യാധിയിൽ നിന്നുള്ള പരോക്ഷമായ സംരക്ഷണമാണ് അർത്ഥമാക്കുന്നത്. മുൻപ് ഉണ്ടായ രോ​ഗബാധയിലൂടെയോ വാക്സിനേഷനിലൂടെയോ ഒരു സമൂഹത്തിന്റെ വലിയൊരു ഭാ​ഗം അണുബാധയിൽ നിന്ന് പ്രതിരോധ ശേഷി ഉള്ളവരാകുമ്പോൾ അസുഖബാധയുടെ ശൃംഖല തകരാറിലായി രോ​​ഗം പടരുന്നത് മന്ദ​ഗതിയിൽ ആക്കുന്നതിനെയാണ് ഹേർഡ് ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്. വാക്സിൻ ചർച്ചകൾ എങ്ങുമെത്താത്ത അവസരത്തിൽ കൂടിയാണ് ഹേർ‍ഡ് ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ബലമേറുന്നത്.

കേരളത്തിൽ കുറഞ്ഞുവരുന്ന കൊവിഡ് കേസുകളിൽ ആശ്വസിക്കാൻ ഏറെയൊന്നുമില്ലെന്നും കൂടുതൽ കൊവിഡ് പൊസിറ്റീവ് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യാത്ത പക്ഷം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതൽ പ്രയാസത്തിലാകുമെന്നാണ് ഡയറക്ടേറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ പ്രൊഫസർ കൂടിയായ പുരുഷോത്തമൻ കുഴിക്കാത്തുകണ്ടിയിൽ അഭിപ്രായപ്പെടുന്നത്.

സീറോ കേസ് ആഘോഷങ്ങൾക്ക് അറുതി വരുത്തണമെന്നും ആരോ​ഗ്യമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പക്ഷം ഹേർഡ് ഇമ്മ്യൂണിറ്റിയുടെ കാര്യത്തിൽ കേരളം പിന്നോട്ടാകുമെന്നും ​ഗുജറാത്തും, മഹാരാഷ്ട്രയും തമിഴ്നാടുമെല്ലാം കുളിച്ചു കയറിയാലും നമ്മൾ ഇവിടെ തന്നെ ഒരു പച്ചതുരുത്തായി തുടരുമെന്നും അദ്ദേഹം പറയുന്നു. പച്ചതുരുത്ത് എന്നത് കൊണ്ട് വൈറസിന് എളുപ്പം പടരാനുള്ള പ്രദേശം എന്നാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

”കുളിരും എന്ന് കരുതി, കുളത്തിൽ ചാടാതെ കരയിൽ നോക്കിയിരിക്കുന്നു. മുങ്ങി പോവുമ്പോൾ പിടിക്കാൻ ആള് ഉണ്ടാവുന്ന നേരത്തു കുളത്തിൽ ചാടണം. നീന്തി കയറണം. വൈകിയാൽ..ആളും ആരവവും അടങ്ങുമ്പോ തെന്നി വീണു മരിക്കും.
നാളത്തേക്ക് മാറ്റി വെക്കലും, സ്ട്രൈറ്റൻ ചെയ്യലിനും അറുതി വരുത്താറായിരിക്കുന്നു.കോൺട്രോൾഡ് പോസിറ്റിവിറ്റി എന്നതാകണം ഇനി ലക്ഷ്യം ഇടേണ്ടത്. കൂടി വരുന്ന പോസിറ്റിവിറ്റി, ഒരു മരണവും ഇല്ലാതെ. പൂജ്യം കേസുകൾ എന്ന ലക്ഷ്യത്തിനു വേണ്ടി ധൂർത്തു കുറക്കണം.മാർഗ രേഖകൾ മാറ്റിയെഴുതണം, ആരോഗ്യമുള്ളവർക്കു ചുറ്റും ഉള്ള വേലികൾ എടുത്തു മാറ്റണം”.അദ്ദേഹം പറയുന്നു.

കൊവിഡ് പ്രതിരോധത്തിനായി കേരളം ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളെയെല്ലാം ഹേർഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തിനുമേൽ തള്ളികളയുന്നതാണ് ഡോക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇദ്ദേഹത്തിന്റെ അഭിപ്രായം ആളുകൾക്കിടയിൽ വലിയ തെറ്റിധാരണ ഉണ്ടാക്കാനും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശ്രമങ്ങളോട് കേരളം സഹകരിക്കാതിരിക്കാനുമുള്ള സാധ്യതകൾ സൃഷ്ടിക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം കൊവിഡ് 19ന്റെ വിഷയത്തിൽ ഹെർഡ് ഇമ്മ്യൂണിറ്റി ശാസ്ത്രീയമായി പ്രവചിക്കാൻ ഇപ്പോൾ സാധിക്കില്ലെന്നാണ് കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടറായ ഷമീർ വി.കെ അഭിപ്രായപ്പെടുന്നത്.

”ഇനി ഹേർഡ്‌ ഇമ്മ്യൂണിറ്റിയുടെ കാര്യം. അത് കൃത്യമായി അറിയണമെങ്കിൽ രോഗത്തിൻ്റെ പകർച്ചാ സാദ്ധ്യത (reproductive number), ഇമ്മ്യൂണിറ്റി നിലനിൽക്കുന്ന കാലയളവ് എന്നിവ കൃത്യമായി അറിയണം. എത്ര ശതമാനത്തിന് ഇമ്മ്യൂണിറ്റി ഉണ്ടാകും എന്നും ഉറപ്പായില്ല. അതായത് കോവിഡ് 19 ന്റെ മാത്രം കാര്യത്തിൽ ഹെർഡ് ഇമ്മ്യൂണിറ്റി പ്രവചിക്കാൻ ശാസ്ത്രീയമായി ഇപ്പോൾ സാധിക്കില്ല. നിരവധി കാര്യങ്ങളിൽ വ്യക്തത വരാൻ ഇരിക്കുന്നേ ഉള്ളൂ. ബാക്കി വൈറസുകളെ കുറിച്ചുള്ള പൊതുധാരണ വെച്ചുള്ള അനുമാനം മാത്രമേ സാദ്ധ്യമാകൂ”.
ഷമീർ വി.കെ പറയുന്നു.

ഹേർഡ് ഇമ്മ്യൂണിറ്റി അവ​ഗണിക്കാൻ സാധിക്കാത്തതും ശാസ്ത്രീയമായ ചർച്ചകൾ വേണ്ടതുമാണെന്ന് അം​ഗീകരിക്കുന്ന ഡോ.ഷമീർ ഇത്തരം വാദങ്ങൾ കേട്ട് പൊതുജനം എടുത്തു ചാടാൻ പാടില്ലെന്നും പറയുന്നു. കേരളം ഇപ്പോൾ സ്വീകരിച്ച് വരുന്ന നടപടികൾ ശരിയാണെന്നും കേരളത്തിന്റെ വിഷയത്തിൽ പതിയെ പതിയെ നിയന്ത്രണങ്ങൾ അയക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇപ്പോൾ ഒരു മാർഗ്ഗമേയുള്ളൂ. ലോക് ഡൗൺ കെട്ട് മെല്ലെ അയക്കുക, സൂക്ഷ്മതയോടെ നിരീക്ഷിക്കുക. ചെറിയ സ്പീഡിലുള്ള രോഗം അംഗീകരിക്കുക. കർശനമായ ക്വാറന്റൈൻ തുടരുക. പ്രായമായവരേയും രോഗപ്രതിരോധ ശക്തി കുറഞ്ഞ വരേയും പരമാവധി സംരക്ഷിക്കുക. ടെസ്റ്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുക. പക്ഷേ ഒരു വലിയ തരംഗത്തിന്റെ സൂചനകൾ കിട്ടിയാൽ വീണ്ടും കെട്ടുമുറുക്കേണ്ടി വരും. ലോക് ഡൗൺ ചിലപ്പോൾ പല ഘട്ടങ്ങളായി വേണ്ടിവരും”. അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രവുമല്ല ഒരു വലിയ രോ​ഗം കേരളം ഈ ഘട്ടത്തിൽ താങ്ങില്ലെന്നും ഷമീർ പറയുന്നുണ്ട്. നമുക്ക് അതിനുള്ള എണ്ണം ആശുപത്രി ബെഡ്ഡുകളോ ഐ സി യു കളോ ഇല്ല എന്ന് പറയുന്ന ഷമീർ
ഇനി വരാനിരിക്കുന്ന കാലം നമ്മുടെ രോഗകാലമാണെന്നും വെള്ളപ്പൊക്ക സാദ്ധ്യത കൂടി മനസ്സിൽ കാണണമെന്നും അഭിപ്രായപ്പെടുന്നു.
”ഇനി വരുന്ന മാസങ്ങളിൽ നിയന്ത്രിതമായ എണ്ണം രോഗികളെ താങ്ങാനുള്ള ശക്തിയേ നമ്മുടെ സംസ്ഥാനത്തിനുള്ളൂ. അതു കൊണ്ട് നമ്മുടെ ലക്ഷ്യം ഒരു ദിവസം പൂജ്യം കേസുകൾ അല്ല, എന്നാൽ അത് ദിവസം ആയിരം കേസുകളും ആവരുത്”.
ഷമീർ പറയുന്നു.

അതേസമയം വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരോട് അസഹിഷ്ണുത പാടില്ലെന്നാണ് ഡോ. നെൽസൺ ജോസഫ് പറയുന്നത്. കൊവിഡ് എന്താണെന്ന് കണ്ടിട്ട് കഷ്ടിച്ച് അഞ്ച് മാസങ്ങളേ ആവുന്നുള്ളു. ഇതെക്കുറിച്ച് പൂർണമായ അറിവുണ്ടെന്ന് വലിയ ശാസ്ത്രജ്ഞർ പോലും ചിന്തിക്കുമെന്ന് തോന്നുന്നില്ല. അപ്പൊഴാണ് ഇവിടെ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് വെട്ടുക്കിളിയാക്രമണം നേരിടേണ്ടിവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എല്ലാക്കാലത്തും ജനത്തെ ലോക്ക് ഡൗണിൽ പൂട്ടിയിട്ട് ഇവിടെ അതിജീവനം സാദ്ധ്യമാവില്ല. അപ്പൊ മറ്റ് വഴികളും നോക്കണം. ഇതൊക്കെ ഒളിച്ചിരുന്ന് ചിന്തിച്ചാൽ പോരേ? തുറന്ന് ചർച്ച ചെയ്യണോ എന്ന് ചോദിക്കുന്നവരോട്, മുൻപും തുറന്ന് തന്നെയാണ് ചർച്ച ചെയ്തിരുന്നത്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പൊഴുമുണ്ടെന്ന് കരുതുന്നില്ല. ഒരുപാട് കാര്യങ്ങൾ ഒളിച്ചുവച്ചതിന്റെ ഫലം കൂടിയാണ് ഇപ്പൊ പലയിടത്തും അനുഭവിക്കുന്നതെന്ന് കൂടി ഓർക്കണം.കൊവിഡ് എന്താണെന്ന് കണ്ടിട്ട് കഷ്ടിച്ച് അഞ്ച് മാസങ്ങളേ ആവുന്നുള്ളു. ഇതെക്കുറിച്ച് പൂർണമായ അറിവുണ്ടെന്ന് വലിയ ശാസ്ത്രജ്ഞർ പോലും ചിന്തിക്കുമെന്ന് തോന്നുന്നില്ല. അപ്പൊഴാണ് ഇവിടെ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് വെട്ടുക്കിളിയാക്രമണം നേരിടേണ്ടിവരുന്നത്.ഏറ്റവും കുറവ് കേസുണ്ടാകുന്നതും ഗപ്പടിക്കുന്നതുമല്ല മുഖ്യമെന്നും, ഏറ്റവും കുറവ് കാഷ്വൽറ്റി ഉണ്ടായി എങ്ങനെ ഈ ദുരന്തം അതിജീവിക്കാമെന്ന് ചിന്തിക്കുന്നവരുടെ കൂടെയുള്ളവർ തന്നെയാണ് അവരും എന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്”. എന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ദ സ്ട്രക്ച്ചർ ഓഫ് സയിന്റിഫിക് റെവല്യൂഷൻ എന്ന പ്രസിദ്ധമായ വർക്കിലാണ് തത്വചിന്തകനായ തോമസ് കുൻ പാരഡെെമുകളെ കുറിച്ച് പ്രതിപാദിക്കുന്നത്. എങ്ങനെയാണ് ​ഗവേഷക സമൂഹം ചേർന്ന് തീരുമാനങ്ങളിലേക്കും മാതൃകകളിലേക്കും എത്തുന്നത് എന്നതാണ് അദ്ദേഹം പാരഡെെം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പാരഡെെമിൽ പാകപ്പിഴകൾ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടന്റെയും അമേരിക്കയുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം വിലയിരുത്തുന്നത് തെറ്റായ മാതൃക അതവാ പാരഡൈം ആയാണ്. ബ്രിട്ടന്റെ വിഷയത്തിൽ ഹെൽത്ത് സെക്രട്ടറി മാറ്റ് ​ഹാൻകോക് ഹേർഡ് ഇമ്മ്യൂണിറ്റി എന്ന ആശയത്തിൽ വിശ്വസിച്ചതായി ദ ​ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനം ഉണ്ടായിട്ടും ബ്രിട്ടൻ ഏറെ വൈകിയാണ് ലോക്ക് ഡൗൺ നടപടികളിലേക്ക് പോയത് എന്നതാണ് ഇതിന് തെളിവായി അന്തരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ ഈ വീക്ഷണം പാടേ പരാജയപ്പെട്ടതും നമ്മൾ കണ്ടതാണ്.

കൊവി‍ഡ് 19 നുമായി ബന്ധപ്പെട്ട് കൂടിതൽ ശാസ്ത്രീയ പഠനങ്ങളിലേക്ക് പോകുന്നതിന് മുൻപ് കേരളം ഇതുവരെ കൈവരിച്ച പ്രതിരോധ പ്രവർത്തനങ്ങളിലെ പുരോ​ഗതി കേവലം വാദങ്ങളുടെ അടിസ്ഥാനത്തിൽ ബലഹീനമാക്കരുത് എന്ന് ആരോ​ഗ്യ മേഖലയിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. അതേസമയം ലോകത്തിന് അതികമൊന്നും പരിചയമില്ലാത്ത ഈ വൈറസ് ബാധയെക്കുറിച്ച് ഉയർന്നു വരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ കേരളം സമചിത്തതയോടെ നേരിടണമെന്നും ആരോ​ഗ്യമേഖലയിൽ നിന്നുള്ളവർ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക