തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആള്‍ വിദേശത്തു നിന്ന് വന്നതാണ്.
കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്.
67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
രാജ്യത്ത് ആകെ 14,378 പേരാണ് കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് ബാധിച്ചു മരിക്കുന്നവരില്‍ 75 ശതമാനവും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മരണ നിരക്ക് 3.3 ശതമാനമാണ്. മരിച്ചവരില്‍ 14 ശതമാനം 45 വയസില്‍ താഴെ ഉള്ളവരാണ്. കഴിഞ്ഞ 14 ദിവസമായി കൊവിഡ് ബാധ ഇല്ലാത്ത 22 ജില്ലകള്‍ രാജ്യത്തുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.