അമ്പത് വര്‍ഷത്തില്‍ അധികം ഒരാളെ മാത്രം എം.എല്‍.എ ആയി നിയമസഭയിലേക്ക് അയച്ച മണ്ഡലം. കേരളത്തിലെ മറ്റൊരു മണ്ഡലത്തിനും അവകാശപ്പെടാനില്ലാത്ത ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ പാലയാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയാവാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്ന്.
മുന്നണി സമവാക്യങ്ങള്‍ക്ക് പോലും മാറ്റം വരുത്താന്‍ കഴിയുന്നതാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍. മണ്ഡലം രൂപീകരിച്ച 1964 മുതല്‍ 2016 വരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ കെ.എം മാണിയായിരുന്നു മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത്.
എന്നാല്‍ കെ.എം മാണിയുടെ മരണത്തോട് കൂടി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കക്ഷിയായ എന്‍.സി.പിയുടെ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിക്കുകയിരുന്നു.
വീണ്ടും ഒരു ഒരു നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മണ്ഡലത്തിലെയും കേരളത്തിലെയും മുന്നണി സമവാക്യങ്ങള്‍ പോലും മാറിയിരിക്കുകയാണ്.
2016ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യു.ഡി.എഫിലായിരുന്ന കേരള കോണ്‍ഗ്രസ് (എം) 2021 എത്തുമ്പോള്‍ എല്‍.ഡി.എഫില്‍ ആണ്. പാല സീറ്റ് തങ്ങളുടെ അഭിമാന പ്രശ്‌നമായിട്ട് തന്നെയാണ് കേരള കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ തന്റെ സിറ്റിംഗ് സീറ്റായ പാല കേരള കോണ്‍ഗ്രസിനായി വിട്ടുനല്‍കില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.
പാല സീറ്റ് ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയാണെങ്കില്‍ യു.ഡി.എഫിലേക്ക് മാറാന്‍ മാണി സി കാപ്പന്‍ ആലോചിക്കുന്നുമുണ്ട്. എന്നാല്‍ എന്‍.സി.പിയിലെ തന്നെ ശശീന്ദ്രന്‍ വിഭാഗത്തിന് യു.ഡി.എഫിലേക്ക് പോകുന്നതിന് താല്‍പ്പര്യമില്ല. എല്‍.ഡി.എഫ് മന്ത്രി സഭയ്ക്ക് തന്നെ സംസ്ഥാനത്ത് തുടര്‍ച്ചയുണ്ടാകുമെന്നാണ് ശശീന്ദ്രന്‍ പക്ഷം വിലയിരുത്തുന്നത്.
ഇങ്ങനെ തുടര്‍ച്ചയുണ്ടാകുകയാണെങ്കില്‍ ഇപ്പോള്‍ യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യപരമാണെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതിന് പുറമെ യു.ഡി.എഫിന് ഭരണം ലഭിക്കുകയും എന്‍.സി.പി യു.ഡി.എഫിലേക്ക് പോകുകയും ചെയ്താലും മാണി സി കാപ്പന്‍ വിഭാഗത്തിനായിരിക്കും കൂടുതല്‍ നേട്ടമുണ്ടാകുകയെന്നും ശശീന്ദ്രന്‍ വിഭാഗം വിലയിരുത്തുന്നുണ്ട്.
അതേസമയം യു.ഡി.എഫിലേക്ക് മാറില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. സീറ്റ് തനിക്ക് തന്നെ അവകാശപ്പെട്ടതാണെന്നും മാണി സി കാപ്പന്‍ പറയുന്നു.
എന്നാല്‍ പാല സീറ്റിലടക്കം നീക്കുപോക്ക് ഉണ്ടാക്കിയാണ് ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയിരിക്കുന്നത്. ഇതിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കൂടി ചേര്‍ന്ന് ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കിയതോടെ ആവശ്യങ്ങള്‍ തള്ളാന്‍ എല്‍.ഡി.എഫിന് കഴിയില്ലെന്ന് ജോസ് വിഭാഗം വിലയിരുത്തുന്നുണ്ട്.
ജോസ് കെ മാണിയുടെയും മാണി സി കാപ്പന്റെയും മുന്നണിക്ക് അകത്ത് നിന്ന് തന്നെയുള്ള ഈ തര്‍ക്കം എല്‍.ഡി.എഫിനും നേതൃത്വം നല്‍കുന്ന സി.പി.ഐ.എമ്മിനും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഇതിന് പുറമെ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ മാണി സി കാപ്പന്‍ യു.ഡി.എഫുമായി നടത്തിയ പിന്നാമ്പുറ ചര്‍ച്ചകള്‍ സി.പി.ഐ.എമ്മിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
യു.ഡി.എഫിലേക്ക് പോകാനാണ് എന്‍.സി.പിയുടെ തീരുമാനമെങ്കില്‍ അത് നടക്കട്ടെയെന്ന് സി.പി.ഐ.എം നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജി വെയ്ക്കുകയും പാല തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയും ചെയ്തു.
ഇതിനിടെ ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ ചില നേതാക്കളും അണികളും രംഗത്തെത്തിയിട്ടുണ്ട്. പാലയേക്കാള്‍ പ്രധാനം കടുത്തുരുത്തിയാണെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.
പാല മണ്ഡലത്തില്‍ താന്‍ മത്സരിച്ചേക്കുമെന്ന് പ്രഖ്യാപിച്ച് പി.സി ജോര്‍ജും രംഗത്ത് എത്തിയിട്ടുണ്ട്. തനിക്ക് യു.ഡി.എഫില്‍ പോകാനാണ് താല്‍പ്പര്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, പേരാമ്പ്ര, ഇരിങ്ങാലക്കുട എന്നീ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
തന്റെ സിറ്റിംഗ് സീറ്റായ പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ് മത്സരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പി.സി ജോര്‍ജിനെയും മാണി സി കാപ്പനെയും യു.ഡി.എഫില്‍ എടുക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. മാണി സി കാപ്പന്‍ എത്തിയാല്‍ വിവിധ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാമെന്ന് കണക്ക് കൂട്ടിയിരുന്ന കോട്ടയത്തെ രണ്ടാം നിര കോണ്‍ഗ്രസ് നേതാക്കളാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെക്കുമെന്ന് മുന്‍ നഗരസഭാ അധ്യക്ഷനും ബ്ലോക്ക് ഈരാറ്റുപേട്ട പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഭാരവാഹിത്വം രാജിവെക്കുന്നതോടൊപ്പം ഇടുതപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും നിസാര്‍ കുര്‍ബാനി പറഞ്ഞിട്ടുണ്ട്. നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
ഇതോടെ പി.സി ജോര്‍ജിന്റെ അവസ്ഥ ത്രിശങ്കു സ്വര്‍ഗത്തിന് സമമാണ്. നേരത്തെ എന്‍.ഡി.എയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും താമസിയാതെ പി.സി ജോര്‍ജ് പിന്തുണ പിന്‍വലിക്കുകയായിരുന്നു.
നിലവില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് പി.സി തോമസ് പക്ഷവുമായി ലയിച്ച് യു.ഡി.എഫിലേക്ക് മാറുമെന്നായിരുന്നു പി.സിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇനി എന്തായിരിക്കും പി.സി ജോര്‍ജിന്റെ നിലപാട് എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.
പി.സി ജോര്‍ജിന്റെ ഈ തീരുമാനത്തോടെ പാളിപോയത് ബി.ജെ.പിയുടെ തന്ത്രമാണ്. നിലവിലെ സഖ്യകക്ഷിയായ പി.സി തോമസ് പക്ഷവും ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുമായും ചേര്‍ന്ന് കോട്ടയത്ത് മത്സരിക്കാനും പൂഞ്ഞാര്‍ മണ്ഡലം എന്‍.ഡി.എ മണ്ഡലമായി ഉറപ്പിക്കാനുമായിരുന്നു ബി.ജെ.പിയുടെ തീരുമാനം.
ഇതിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ പൂഞ്ഞാര്‍ മണ്ഡലത്തിലേക്ക് പി.സി ജോര്‍ജിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തന്നെ ബി.ജെ.പി കണ്ടിരുന്നു. എന്നാല്‍ എന്‍.ഡി.എയില്‍ അതൃപ്തരായ പി.സി തോമസിനെയും കൊണ്ട് യു.ഡി.എഫിലേക്ക് പോകാനാണ് പി.സി ജോര്‍ജിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് നിസഹകരണം മാത്രമാണ് ഉണ്ടായതെന്നാണ് പി.സി തോമസ് പറയുന്നത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്‍മാന്‍ പദവിയും ചോദിച്ചു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.
ഇതിന് പുറമെ പി.സി തോമസുമായി അസ്വാരസ്യത്തിലായിരുന്ന നോബിള്‍ മാത്യുവിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതും പി.സി തോമസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇനിയെന്ത് ?
തര്‍ക്കങ്ങളും അവകാശവാദങ്ങളും ഉണ്ടെങ്കിലും പാല മണ്ഡലത്തില്‍ ജോസ് കെ മാണി തന്നെയായിരിക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി ജോസ് കെ മാണി പക്ഷം തന്നെയാണെന്നും രണ്ടില ചിഹ്നം ഇവര്‍ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നുമുള്ള കോടതി വിധി നല്‍കുന്ന ആത്മവിശ്വാസവും ജോസിനും സംഘത്തിനും ഉണ്ട്.
തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ വരുമോയെന്നാണ് ഇപ്പോള്‍ യു.ഡി.എഫ് ഉറ്റുനോക്കുന്നത്. മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍.ഡി.എഫിനൊപ്പം തന്നെ തുടരും. കേരള കോണ്‍ഗ്രസ് എസിലേക്ക് എ.കെ ശശീന്ദ്രനെ കടന്നപ്പള്ളി രാമചന്ദ്രന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
പാലയില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കുക എന്നത് യു.ഡി.എഫിനൊപ്പം പി.ജെ ജോസഫിന്റെയും മാണി സി കാപ്പന്റെയും വ്യക്തിപരമായ ആവശ്യം കൂടിയാണ്.
ബി.ജെ.പിയില്‍ എന്‍. ഹരി തന്നെ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക