തിരുവനന്തപുരം: യു.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ക്ഷണം കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് മുഖപത്രം പറയുന്നു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്കില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ച് കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണമെന്നും പ്രതിച്ഛായ കോണ്‍ഗ്രസ് മുഖപത്രത്തെ പരിഹസിക്കുന്നു. വിഷ വീക്ഷണത്തിന്റെ പ്രചാരകര്‍ എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം.
വീക്ഷണം പത്രത്തിനും അതിനുപിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം ഉണ്ടാവണമെന്ന് പ്രതിച്ഛായ ചൂണ്ടിക്കാട്ടി. എം.എം. മാണിയോട് കോണ്‍ഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ടെന്നും മാണി ഗ്രൂപ്പിനെ യു.ഡി.എഫ് ചതിച്ച് പുറത്താക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.
കേരള കോൺഗ്രസ് (എം) അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് വീക്ഷണം മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ പറഞ്ഞു.
അതേസമയം കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നായിരുന്നു കോണ്‍ഗ്രസ് മുഖപത്രം കഴിഞ്ഞ ദിവസം പറഞ്ഞത്. ജോസ് കെ. മാണി സി.പി.ഐ.എമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എല്‍.ഡി.എഫില്‍ രാജ്യസഭാ സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു ജോസ് കെ. മാണിയെ തിരികെ ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം. കെ.എം. മാണിയെ പ്രശംസിച്ചും ജോസ് കെ. മാണിയെ വിമര്‍ശിച്ചുമായിരുന്നു വീക്ഷണത്തിന്റെ ലേഖനം.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് ചേക്കേറിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ. മാണിയുടെ അത്യാര്‍ത്തി കാരണമാണ്.
യു.ഡി.എഫിനോടുള്ള ജോസ് കെ. മാണിയുടെ സമീപനത്തില്‍ ചതിയുടെ കറ പുരണ്ടിട്ടുണ്ടായിരുന്നുവെന്നും ലേഖനം പറഞ്ഞിരുന്നു.
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനം നേടുക എന്ന ജോസ് കെ. മാണിയുടെ ആഗ്രഹം പരസ്യമായിരിക്കുകയാണെന്നും ലേഖനം വിമര്‍ശിച്ചിരുന്നു.
Content Highlight: Kerala Congress’s newspaper in response to veekshanam article