നടപടിയായില്ലെങ്കില്‍ ഏത് നിമിഷവും അവിശ്വാസ പ്രമേയം; മുന്നറിയിപ്പുമായി പി.ജെ ജോസഫ്
Kerala News
നടപടിയായില്ലെങ്കില്‍ ഏത് നിമിഷവും അവിശ്വാസ പ്രമേയം; മുന്നറിയിപ്പുമായി പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th June 2020, 8:27 am

കോട്ടയം: കേരള കോണ്‍ഗ്രസില്‍ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കര്‍ശന നീക്കങ്ങളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം കൈമാറിയില്ലെങ്കില്‍ ഏത് നിമിഷവും അവിശ്വസ പ്രമേയം കൊണ്ടുവരുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസും ലീഗും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് മുന്നണിയുടെ അഭിപ്രായപ്രകാരമാണ് തീരുമാനമെന്നും ജോസഫ് വ്യക്തമാക്കി.

കോണ്‍ഗ്രസിലെ എട്ടും കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിലും രണ്ടും അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെക്കും. തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിലെ സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ല. ജോസ് കെ മാണി വിഭാഗത്തിലുള്ള സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ മുന്നണി നിര്‍ദ്ദേശം പാലിച്ച് പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും പി.ജെ ജോസഫ് അറിയിച്ചു.

എന്നാല്‍, ജോസഫ് വിഭാഗത്തിന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗം സംസ്ഥാന സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് പ്രതികരിച്ചു. ജോസഫിന്റെ ഭീഷണിക്ക് മുന്നില്‍ ഒരു മുന്നണിയും വഴങ്ങില്ലെന്നും സ്റ്റീഫന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ