| Saturday, 29th February 2020, 11:05 am

വളരുകയാണോ പിളരുകയാണോ?; എന്താണ് കേരള കോണ്‍ഗ്രസുകള്‍ക്ക് സംഭവിക്കുന്നത്?

ഹരിമോഹന്‍

‘വളരും തോറും പിളരും, പിളരും തോറും വളരും.’ അറുപതുകള്‍ മുതല്‍ കേരളാ രാഷ്ട്രീയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഈരടികളാണിത്. കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഇന്നോളമുള്ള വളര്‍ച്ചയും താഴ്ചയുമെല്ലാം ഈ വരികളില്‍ തുടങ്ങി ഈ വരികളില്‍ തന്നെ അവസാനിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ നീക്കമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പിളര്‍പ്പ്.

ഔദ്യോഗികമായി പിളര്‍പ്പ് ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടി നേതാവ് അനൂപ് ജേക്കബിനെ തള്ളിപ്പറഞ്ഞ് ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ വീണ്ടും ഒരു പിളര്‍പ്പിനു കൂടിയാവും കേരളാ രാഷ്ട്രീയം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് ഉറപ്പായിക്കഴിഞ്ഞു.

അനൂപ് ജേക്കബ്

മാര്‍ച്ച് ഏഴിന് എറണാകുളത്തെ രാജേന്ദ്ര മൈതാനിയാണ് കേരളാ കോണ്‍ഗ്രസിലെ അടുത്ത പിളര്‍പ്പിനു വേദിയാകാന്‍ പോകുന്നത്. ഇതിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എടുത്ത നിലപാടില്‍ നിന്നു മാറ്റമില്ലെന്നാണ് ജോണി നെല്ലൂര്‍ വിഭാഗം നേതാക്കള്‍ പറയുന്നത്.

ജോസഫുമായുള്ള ചര്‍ച്ചകളില്‍ നിന്ന് അനൂപ് ജേക്കബ് പിന്മാറിയത്, പാര്‍ട്ടിയില്‍ ഡെപ്യൂട്ടി ലീഡര്‍ പദവി കിട്ടാത്തതു കൊണ്ടാണെന്ന് ജോണി നെല്ലൂര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

”ജോസഫുമായി ആദ്യം ലയനത്തെക്കുറിച്ചു സംസാരിച്ചത് അനൂപാണ്. അനൂപ് മുന്നോട്ടുവെച്ച രണ്ടാം മന്ത്രി അടക്കമുള്ള ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചിരുന്നു. അതു കൂടാതെയാണ് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം ആവശ്യപ്പെട്ടത്. നിലവില്‍ സി.എഫ് തോമസാണ് ഈ പദവി വഹിക്കുന്നത്. അതുകൊണ്ട് ഉറപ്പൊന്നും ലഭിച്ചില്ല. ഇതാണ് അനൂപ് മലക്കം മറിയാന്‍ കാരണം,” ജോണി നെല്ലൂര്‍ പറഞ്ഞു.

പാര്‍ട്ടിക്കു പുറമേ യൂത്ത് ഫ്രണ്ടും അനൂപിനെ തള്ളിപ്പറഞ്ഞതോടെ ലയനത്തോടെ മുന്‍മന്ത്രിയുടെ ഭാവി എന്താകുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഭിന്നിച്ചുനിന്നാല്‍ പാര്‍ട്ടി വളരില്ലെന്നാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ കുന്നുംപുറം ഡൂള്‍ന്യൂസിനോടു പ്രതികരിച്ചത്.

ജോണി നെല്ലൂര്‍

”കേരള ജനതയുടെ, പ്രത്യേകിച്ച് കര്‍ഷകരുടെ യാതൊരു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തുടക്കത്തില്‍ ഇരുപതോളം എം.എല്‍.എമാരുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ഭിന്നിച്ചതോടെ നിയമസഭാ പ്രാതിനിധ്യം കുറഞ്ഞുവന്നു. ഈ രീതി മാറി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം ഒന്നായാല്‍ പാര്‍ട്ടിയുടെ പ്രസക്തി വീണ്ടെടുക്കാന്‍ കഴിയും. അതിനായി ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഒഴിവാക്കിയേ തീരൂ. ഇന്നു കേരളത്തില്‍ ജീവിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയിലാണ് പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്. അനൂപ് ജേക്കബ് തുടക്കം മുതല്‍ ലയനത്തെ അനുകൂലിച്ചിരുന്നു. ഇപ്പോള്‍ നിലപാട് മാറ്റിയതാണ്,” ജോമോന്‍ കുന്നുംപുറം പറഞ്ഞു.

ഇതാണ് ഇന്നത്തെ കേരളാ കോണ്‍ഗ്രസ്. പിളര്‍പ്പുകളും ലയനങ്ങളും ഇത്രയധികം കണ്ട മറ്റൊരു പാര്‍ട്ടിയും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാവില്ല. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറെ സ്വാധീനമുള്ളതെങ്കിലും കുടിയേറ്റ മേഖലകളിലും കേരള കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. 55 വര്‍ഷത്തെ കേരളാ കോണ്‍ഗ്രസിന്റെ ചരിത്രം തുടങ്ങുന്നത് ഇവിടെ നിന്നാണ്.

പീച്ചിയിലൂടെ ഉദയം

അറുപതുകളുടെ ആദ്യ പാദത്തിലാണ് കേരളാ കോണ്‍ഗ്രസ് ഉദയം ചെയ്യുന്നത്. പി.സി ചാക്കോയെന്ന അതികായന്റെ പേരില്‍ ഉയര്‍ന്നുകേട്ട പീച്ചി വിവാദവും അതിനെത്തുടര്‍ന്നുണ്ടായ രാജിയും അദ്ദേഹത്തിന്റെ മരണവും കേരളാ കോണ്‍ഗ്രസിന്റെ പിറവിയിലേക്കു നയിച്ചു.

1963 ഡിസംബര്‍ എട്ടിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ തൃശൂരില്‍ അപകടത്തില്‍ പെട്ടപ്പോള്‍ അതിനുള്ളില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നിടത്തു തുടങ്ങിയ വിവാദത്തിനും കഥകള്‍ക്കും ഒടുവിലാണ് പി.ടി ചാക്കോ മരിക്കുന്നത്. തുര്‍ന്ന് ശങ്കറിനെ താഴെയിറക്കാനായി കൊണ്ടുവന്ന അവിശ്വാസത്തോടൊപ്പം നിന്ന കെ.എം ജോര്‍ജും കൂട്ടരും ആ ലക്ഷ്യം കണ്ട ശേഷം കോണ്‍ഗ്രസില്‍ നിന്നു പടിയിറങ്ങിയതോടെയാണ് പുതിയ പാര്‍ട്ടി ജനിക്കുന്നത്.

കെ.എം ജോര്ജ്ജ്

കേരളാ പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണ സമിതി എന്ന പേര് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചെങ്കിലും പിന്നീട് അതു ചുരുക്കി കേരളാ കോണ്‍ഗ്രസ് എന്നാക്കി. ഒടുവില്‍ 1964 ഒക്ടോബര്‍ ഒമ്പതിന് അതു സംഭവിച്ചു. കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന് ഇന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ തിരുനക്കര മൈതാനത്തു വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി. അന്ന് കോണ്‍ഗ്രസിന്റെ കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു കെ.എം മാണി.

ശേഷം സഭ ചേരാതിരുന്ന 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റ് നേടിയിരുന്നു. ആ നേട്ടം പിന്നീട് സ്വന്തമാക്കാനായിട്ടില്ല. അതിനു ശേഷം ഇന്നുവരെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നത് 12 തവണയാണ്.

ബാലകൃഷ്ണ പിള്ളയില്‍ തുടങ്ങി ജോണി നെല്ലൂര്‍ വരെ

ആദ്യ പിളര്‍പ്പ് 1977-ലായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള വക. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ബി) ജനിച്ചു. രണ്ടാം പിളര്‍പ്പ് 1979-ല്‍. പാലായിലെ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് മാണിക്ക് 1977-ല്‍ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. അതേത്തുടര്‍ന്ന് പി.ജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി.

കെ.എം മാണി

കേസ് ജയിച്ച് മാണി തിരിച്ചെത്തിയപ്പോള്‍ വാക്കു പാലിച്ച് ജോസഫ് മന്ത്രിപദം ഒഴിഞ്ഞുകൊടുത്തു. പക്ഷേ ജോസഫ് ചോദിച്ച പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മാണി കൊടുത്തില്ല. അതേത്തുടര്‍ന്നാണ് പി.ജെ ജോസഫുമായി പിരിഞ്ഞ കെ.എം മാണി കേരളാ കോണ്‍ഗ്രസ് (എം) രൂപീകരിച്ചത്. അന്ന് മാണിയും അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പിള്ളയും എല്‍.ഡി.എഫിലെത്തി. ജോസഫ് യു.ഡി.എഫിലുമെത്തി. എന്നാല്‍ 1982-ല്‍ പിള്ളയും മാണിയും ജോസഫും യു.ഡി.എഫില്‍ തന്നെ എത്തി.

ഇന്നോളമുണ്ടായ പിളര്‍പ്പുകളില്‍ ഏറ്റവും ശക്തമായതെന്നാണ് മാണി-ജോസഫ് പിളര്‍പ്പിനെ വിശേഷിപ്പിക്കേണ്ടത്. കേരളാ കോണ്‍ഗ്രസുകളില്‍ വെച്ച് കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ വരെ കെല്‍പ്പുള്ള പാര്‍ട്ടിയായി പില്‍ക്കാലത്ത് മാണിയുടെ പാര്‍ട്ടി മാറി.

1985-ല്‍ പിള്ളയും മാണിയും ജോസഫും ഒന്നിച്ചതാണു പിന്നീട് കേരളാ രാഷ്ട്രീയത്തിലുണ്ടായ ഏറ്റവും വലിയ സംഭവ വികാസം. ലയനത്തോടെ യു.ഡി.എഫിനെ പിന്തുണയ്ക്കാനാണു മൂവരും തീരുമാനിച്ചത്. നാലു മന്ത്രിമാരും 14 എം.എല്‍.എമാരുമായി നിര്‍ണായക ശക്തിയായി അവര്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ നിര്‍ണായക ശക്തിയായി. എന്നാല്‍ വിളക്കിച്ചേര്‍ത്താല്‍ ഇരിക്കുന്നതല്ല കേരളാ കോണ്‍ഗ്രസ് എന്നു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു വീണ്ടും പിളര്‍പ്പുണ്ടായത്, മൂന്നാമത്തേത്.

ആര്‍. ബാലകൃഷ്ണ പിള്ള

1987-ലാണ് ജോസഫ് തന്റെ പേരില്‍ പാര്‍ട്ടിയുണ്ടാക്കുന്നത്. ചരല്‍ക്കുന്നിലെ സമ്മേളനത്തില്‍ സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിച്ചാണ് ജോസഫ് വീണ്ടും മാണിക്കെതിരെ അങ്കം കുറിച്ചത്. എന്നാല്‍ അന്നുവരെ ജോസഫിനൊപ്പം നിന്ന ടി.എം ജേക്കബ് മറുകണ്ടം ചാടി മാണിക്കൊപ്പം ചേര്‍ന്നു. പിളര്‍പ്പുണ്ടായെങ്കിലും യു.ഡി.എഫിനെത്തന്നെ പിന്തുണയ്ക്കാന്‍ പിള്ളയും മാണിയും തീരുമാനിച്ചു. പക്ഷേ ജോസഫ് എല്‍.ഡി.എഫിലേക്കു ചേക്കേറി.

അടുത്ത അഞ്ചു വര്‍ഷക്കാലം കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ 1993-ല്‍ നാലാം പിളര്‍പ്പ് സംഭവിച്ചു. ഇക്കുറി മാണിയുമായി തെറ്റിപ്പിരിഞ്ഞ ടി.എം ജേക്കബ്ബാണ് അടുത്ത പാര്‍ട്ടിയുണ്ടാക്കിയത്. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ജെ) പിറന്നു. പക്ഷേ അവര്‍ യു.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിന്നു.

മൂന്നുവര്‍ഷമേ അഞ്ചാം പിളര്‍പ്പിനെടുത്തുള്ളൂ. ഇക്കുറി പിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. പിള്ളയുമായി തെറ്റിപ്പിരിഞ്ഞ ജോസഫ് എം. പുതുശ്ശേരി പാര്‍ട്ടി പിളര്‍ത്തി മാണിയോടൊപ്പം ചേര്‍ന്നു. 1997-ല്‍ ടി.വി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസഫുമായി തെറ്റിപ്പിരിഞ്ഞ് സമാന്തര ഗ്രൂപ്പുണ്ടാക്കിയെങ്കിലും മാണിക്കൊപ്പം ചേരാന്‍ പിന്നീട് തീരുമാനിച്ചു.

2001-ല്‍ മാണിയുമായി തെറ്റിപ്പിരിഞ്ഞ പി.സി തോമസാണ് ആറാം പിളര്‍പ്പുണ്ടാക്കിയത്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു പുറത്തെത്തിയ പി.സി ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) ഉണ്ടാക്കി. അത് 2004-ല്‍ എന്‍.ഡി.എയ്‌ക്കൊപ്പം കൂടി. അതേ വര്‍ഷം തന്നെ എന്‍.ഡി.എയില്‍ നിന്നു മത്സരിച്ച പി.സി തോമസ് മാണിയുടെ മകനും ഇന്നത്തെ രാജ്യസഭാ എം.പിയുടെ മകനുമായ ജോസ് കെ. മാണിയെ പരാജയപ്പെടുത്തി.

തന്നോടു തെറ്റിപ്പിരിഞ്ഞ പി.സി തോമസ് തന്റെ മകനെത്തന്നെ പരാജയപ്പെടുത്തി പുതിയ മുന്നണി പ്രവേശത്തിലൂടെ വരവറിയിച്ചത് കെ.എം മാണിയെന്ന അതികായനേറ്റ കനത്ത തിരിച്ചടിയായി. പി.ടി ചാക്കോയുടെ മകന്‍ കൂടിയാണ് പി.സി തോമസ് എന്നതു കൂടി ചേര്‍ത്തു വായിക്കുക.

2001-ല്‍ പി.സി തോമസായിരുന്നു പിളര്‍പ്പുണ്ടാക്കിയതെങ്കില്‍ 2003-ല്‍ കേരളാ കോണ്‍ഗ്രസില്‍ ഏഴാമത്തെ പിളര്‍പ്പുണ്ടാക്കിയത് മറ്റൊരു പി.സിയാണ്. പി.സി ജോര്‍ജ്. അതു പക്ഷേ ജോസഫ് ഗ്രൂപ്പിലായിരുന്നു. വി.എസ് അച്യുതാനന്ദന്റെ മതികെട്ടാന്‍ മലകയറ്റത്തെത്തുടര്‍ന്ന് പി.ജെ ജോസഫുമായി തെറ്റിപ്പിരിഞ്ഞ പി.സി ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചു.

ഏറെക്കുറേ പിളര്‍പ്പുകളൊക്കെ ഒന്നൊതുങ്ങി. പിന്നീട് ലയനങ്ങളുടെ നീണ്ട നിരയായിരുന്നു. 2005-ല്‍ പി.സി തോമസായിരുന്നു അതിനു തുടക്കമിട്ടത്. മാണിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ തോമസ്, ലയനത്തിനായി തിരഞ്ഞെടുത്തത് മാണിയുടെ എതിരാളിയായ ജോസഫിനെയായിരുന്നു. ആ ലയനത്തോടെ ജോസഫ് ഇടതുമുന്നണിയിലെത്തി. 2007-ല്‍ മാണിയും പിള്ളയും പി.സി ജോര്‍ജും ലയനത്തിനായി കോപ്പുകൂട്ടിയെങ്കിലും വിജയിച്ചില്ല.

ചിത്രം കടപ്പാട്- മനോരമ

പിള്ള വന്നില്ലെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞ് 2009-ല്‍ പി.സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ മാണിക്കൊപ്പം എത്തി. ഒരു വര്‍ഷം കഴിഞ്ഞതോടെ ഒരിക്കലും നടക്കില്ലെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയ മാണി-ജോസഫ് ലയനം സംഭവിച്ചു. കേരളാ കോണ്‍ഗ്രസിലേക്ക് 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് ജോസഫെത്തി. അതോടെ ജോസഫ് യു.ഡി.എഫിന്റെ ഭാഗമായി. 23 വര്‍ഷത്തെ ശത്രുത വെടിഞ്ഞായിരുന്നു മാണി-ജോസഫ് ലയനം. അങ്ങനെ മാണി ചെയര്‍മാനും ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പി.സി ജോര്‍ജ് വൈസ് ചെയര്‍മാനുമായി കേരളാ കോണ്‍ഗ്രസ് (എം) പുനഃസംഘടിപ്പിച്ചു.

എല്ലാം ഒന്നു കെട്ടടങ്ങി കുറച്ചുകാലം മുന്നോട്ടു പോയി. അങ്ങനെ 2015-ല്‍ കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ രാഷ്ട്രീയ സംഭവ വികാസങ്ങളുണ്ടായി. അന്നത്തെ ധനമന്ത്രി കൂടിയായിരുന്ന മാണിക്കെതിരെ ബാര്‍ കോഴ ഉയര്‍ന്നു. ഇടതുമുന്നണി നിയമസഭയ്ക്കുള്ളില്‍ വരെ ശക്തമായ സമരമുറകള്‍ പരീക്ഷിച്ചു. പക്ഷേ മാണിയെ രാജിവെപ്പിക്കാനായില്ല. എന്നാല്‍ പിളര്‍പ്പിന് ഇതു ധാരാളമായിരുന്നു.

കോഴ വിഷയത്തില്‍ മാണിയോട് പിണങ്ങി പാര്‍ട്ടി വിട്ട പി.സി ജോര്‍ജ് കേരളാ ജനപക്ഷം എന്ന പേരില്‍ പഴയ കേരളാ കോണ്‍ഗ്രസ് സെക്കുലറിനെ പുനരുജ്ജീവിപ്പിച്ചു. എട്ടാമത്തെ പിളര്‍പ്പ്. ജോസഫിന്റെ വരവോടെ മന്ത്രിമോഹം നഷ്ടപ്പെട്ടതാണ് ജോര്‍ജിനെ ഇതിനു പ്രേരിപ്പിച്ചത്. ചീഫ് വിപ്പ് പദവി കൊടുത്ത് ജോര്‍ജിനെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അടുത്ത വര്‍ഷം വീണ്ടും പിളര്‍പ്പുണ്ടായി. ഇക്കുറി മാണി ഗ്രൂപ്പിനെ കീറി മുറിച്ച് കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കി. അവര്‍ എല്‍.ഡി.എഫ് ക്യാമ്പാണ് ലക്ഷ്യം വെച്ചത്. അങ്ങനെ ഒമ്പതാമതും കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. ഈ പിളര്‍പ്പില്‍ മോന്‍സ് ജോസഫും ടി.യു കുരുവിളയും ജോസഫിനൊപ്പം തന്നെ അടിയുറച്ചു നിന്നു. അതേസമയം ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നിവര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പോയി.

പത്താമത്തെ പിളര്‍പ്പ് പി.സി തോമസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും വകയായിരുന്നു. പി.സി തോമസ് പഴയതു പോലെ എന്‍.ഡി.എയെത്തന്നെ ഉന്നം വെച്ചപ്പോള്‍, സുരേന്ദ്രന്‍ പിള്ള യു.ഡി.എഫിലേക്കു ചേക്കേറി.

അടുത്ത പിളര്‍പ്പ് അതിന്റെ പരിപൂര്‍ണതയില്‍ എത്തിയില്ലെങ്കിലും ഫലത്തില്‍ പിളര്‍പ്പ് തന്നെയാണ്. കെ.എം മാണിയിലൂടെ മാത്രം കേരളം കണ്ട കേരളാ കോണ്‍ഗ്രസ് അതിന്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നിടത്തേക്കാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് തങ്ങള്‍ക്കു വേണമെന്ന വാശിയില്‍ ജോസഫ് വിഭാഗവും വിട്ടുതരില്ലെന്ന നിലപാടില്‍ ജോസ് കെ. മാണി വിഭാഗവും ഉറച്ചു നിന്നതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഒടുവില്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.

എന്നാല്‍ അതൊരു ആരംഭം മാത്രമായിരുന്നു. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായ ജോസഫ് പാര്‍ട്ടിയുടെ സ്ഥിരം ചെയര്‍മാനാകാനുള്ള നീക്കം നടത്തിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതോടെ ജോസ് വിഭാഗം കോട്ടയത്തു യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. എന്നാല്‍ ഇതിനു സാധുതയില്ലെന്നും പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ജോസഫ് കഴിഞ്ഞ ജൂണ്‍ 16-ന് സംസ്ഥാന സമിതിയിലെയും സ്റ്റിയറിങ് കമ്മിറ്റിയിലെയും ഉന്നതാധികാര സമിതിയിലെയും അംഗങ്ങള്‍ ഉള്‍പ്പെടെ 27 പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അതിനിടെ ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചു. കോടതി അതിന് സ്റ്റേ നല്‍കിയതോടെ ജോസും അപ്പീലുമായി കോടതിയിലെത്തി. തുടര്‍ന്ന് 27 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയും ജോസ് വിഭാഗം കോടതി കയറിയതോടെ വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസുകാര്‍ കൊണ്ടു നടന്ന രണ്ടില ചിഹ്നത്തിന് വിലക്കും വീണു. ഈ സമയം നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില കിട്ടിയതുമില്ല.

പൈനാപ്പിള്‍ ചിഹ്നത്തിലായിരുന്നു ചരിത്രത്തില്‍ ആദ്യമായി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഒരു സ്ഥാനാര്‍ഥി ജനവിധി തേടിയത്. ഇതിനിടെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14-നു കാര്യങ്ങള്‍ ജോസഫിന് അനുകൂലമായി. ജോസഫിനെതിരെ ജോസ് കെ. മാണി വിഭാഗം നല്‍കിയ കേസ് മുന്‍സിഫ് കോടതി തള്ളിയതോടെയായിരുന്നു ഇത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി.ജെ ജോസഫ് 27 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ജോസ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ജോസിനോ ജോസഫിനോ? തര്‍ക്കം കുട്ടനാട്ടിലേക്ക്

മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന തോമസ് ചാണ്ടിയുടെ മരണം. ഇതാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിക്കുകയും ഇടതു മുന്നണിയില്‍ നിന്ന് തോമസ് ചാണ്ടി മത്സരിച്ചു വിജയിക്കുകയും ചെയ്ത കുട്ടനാട് സീറ്റ് ഇക്കുറി തങ്ങള്‍ക്കു വേണമെന്ന വാശിയിലാണ് ജോസ് കെ. മാണി വിഭാഗം. എന്തു വന്നാലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസഫ്.

എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി ഒരു ഫോര്‍മുലയും ജോസഫ് മുന്നോട്ടു വെച്ചിട്ടുണ്ട്. അതുപക്ഷേ ജോസ് കെ. മാണിക്ക് അനുകൂലമായല്ല എന്നു മാത്രം. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തോളൂ എന്നാണ് ജോസഫ് ഇപ്പോള്‍ പറയുന്നത്. പക്ഷേ പകരം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മൂവാറ്റുപുഴ സീറ്റാണ് ജോസഫ് ചോദിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമായി ഫെബ്രുവരി 29-നു കൊച്ചിയില്‍ ചേരാനിരുന്ന യു.ഡി.എഫ് യോഗം അന്നു നടന്നില്ല.

പി.ജെ ജോസഫ്

മുസ്ലീം ലീഗ് നേതാക്കളുടെ അസൗകര്യമാണ് യോഗം നടക്കാത്തതിനു കാരണമെന്നും എന്നാല്‍ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്തു യോഗം ചേരുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അതേസമയം കുട്ടനാടിന്റെ രാഷ്ട്രീയ ചിത്രത്തില്‍ ജോസിന് അനുകൂലമായല്ല കാര്യങ്ങള്‍ കിടക്കുന്നത്. 1987-ല്‍ ഡോ. കെ.സി ജോസഫാണ് യു.ഡി.എഫ് പക്ഷത്തു നില്‍ക്കേ കേരളാ കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ചു ജയിച്ച അവസാന സ്ഥാനാര്‍ഥി. അതിന്റെ അടുത്ത തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് ഇടതുമുന്നണിയിലേക്കു പോയപ്പോള്‍ കെ.സി ജോസഫും അവര്‍ക്കൊപ്പം പോയി. പിന്നെ കെ.സി ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായാണു മത്സരിച്ചതും വിജയിച്ചതും. പിന്നീട് കെ.സി ജോസഫ് യു.ഡി.എഫിലേക്കു തിരിച്ചുവന്നു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അതിനു ശേഷം കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കെ.സി ജോസഫ് അങ്ങോട്ടു പോയി. കെ.സി ജോസഫിനൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മില്‍ കുട്ടനാട്ടിലുണ്ടായിരുന്ന പാതിയോളം അണികള്‍ പോയി. പിന്നീട് അവിടെനിന്ന് അടിത്തറ ശക്തിപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനായിട്ടില്ല. ഇതിനു പിറകെ സംഭവിച്ച ജോസ് കെ. മാണി- പി.ജെ ജോസഫ് പിളര്‍പ്പും പാര്‍ട്ടിക്കു ക്ഷീണമായി.

എന്നാല്‍ മുന്‍പു പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനു മണ്ഡലത്തിലുള്ള പ്രവര്‍ത്തന പരിചയത്തിലൂടെ സീറ്റ് തിരിച്ചു പിടിക്കാനാകുമെന്നാണ് ജോസഫ് ആദ്യ ഘട്ടത്തില്‍ കരുതിയത്. എന്നാല്‍ ഇത്തവണയും മുന്‍പു പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ജോസഫ് പക്ഷത്തിന്റെ നീക്കം കൊണ്ടു കാര്യമില്ലെന്നാണ് യു.ഡി.എഫിലെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ജേക്കബ് എബ്രഹാമിന്റെ പ്രചാരണം പോലും വേണ്ടത്ര കാര്യമായി നടന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ജോസ് കെ. മാണി

ഇതേത്തുടര്‍ന്നാണ് സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്ന തന്ത്രം ജോസഫ് പയറ്റുന്നത്. അതുവഴി മൂവാറ്റുപുഴ സീറ്റില്‍ കൈവെയ്ക്കാമെന്നും യു.ഡി.എഫിനെ പലപ്പോഴും പിന്തുണച്ചിട്ടുള്ള ആ മണ്ണില്‍ (കഴിഞ്ഞ തവണ മണ്ഡലം എല്‍ദോ എബ്രഹാമിലൂടെ ഇടതു മുന്നണി പിടിച്ചെടുത്തു എന്നതു വേറെ കാര്യം.) വിജയം നേടാമെന്നുമാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. ജോസ് പക്ഷത്തിനാവട്ടെ, ഉയര്‍ത്തിക്കാണിക്കാന്‍ കുട്ടനാട്ടില്‍ നിന്നൊരു സ്ഥാനാര്‍ഥിയില്ല താനും.

കുട്ടനാട്ടില്‍ ജോസ് പക്ഷത്തിനു സ്വാധീനം കുറവാണെന്നതാണു യാഥാര്‍ഥ്യം. മത്സരിക്കാന്‍ ഉറച്ചാല്‍ തങ്ങള്‍ക്കു സ്വാധീനമുള്ള തിരുവല്ലയില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാനാണ് ജോസ് പക്ഷം ആലോചിക്കുന്നതെന്ന് ജോസഫ് പക്ഷത്തെ നേതാക്കള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ശക്തികൂട്ടാന്‍ ചാണക്യ തന്ത്രം പയറ്റി ജോസഫ്

ജേക്കബ് ഗ്രൂപ്പില്‍ നിന്ന് ജോണി നെല്ലൂരിനെ ഒപ്പം ചേര്‍ക്കാനുള്ള പദ്ധതി ഏറെക്കുറേ വിജയിച്ചെങ്കിലും പി.ജെ ജോസഫിലെ രാഷ്ട്രീയ ചാണക്യന്‍ തന്ത്രങ്ങള്‍ പയറ്റുന്നതു തുടരുകയാണ്. ഏറ്റവും ഒടുവിലായി മുന്‍പ് മാണിയെ വിട്ടുപോയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടി ശക്തി തെളിയിക്കുക എന്നതാണ് ജോസഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ നീക്കം അത്ര വിജയിച്ചില്ല. ഇതു തള്ളി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി എല്‍.ഡി.എഫില്‍ത്തന്നെ തുടരുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ കെ.സി ജോസഫ് ഡൂള്‍ന്യൂസിനോടു പറഞ്ഞു. ”പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസുകളെ പിളര്‍ത്താന്‍ ശ്രമിക്കുകയാണ്. ജോസഫുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ലയനം പാര്‍ട്ടിയുടെ അജണ്ടയിലില്ല. തെറ്റിദ്ധാരണ പരത്തി പി.ജെ ജോസഫ് പിളര്‍പ്പിനു ശ്രമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

അഞ്ചു തവണ കുട്ടനാട്ടില്‍ നിന്നു മത്സരിച്ച കെ.സി ജോസഫിനെ തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ ഇതിനിടെ പി.ജെ ജോസഫ് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. കുട്ടനാട് സീറ്റായിരുന്നു വാഗ്ദാനം ചെയ്തത്. അതു പാളിയതോടെ ഫ്രാന്‍സിസ് ജോര്‍ജിനെ മാത്രം പിളര്‍ത്തി പാര്‍ട്ടിയില്‍ എത്തിക്കാനും ശ്രമം നടക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ മധുര പ്രതികാരമാണ് ഓരോ നീക്കവും വഴി ജോസഫ് നടത്തുന്നത് എന്നതാണു യാഥാര്‍ഥ്യം. കേസില്‍ പെട്ടു കിടക്കേ മാണിക്കു വേണ്ടി താത്കാലികമായി മന്ത്രിസ്ഥാനം കൈയ്യാളി, ഒടുവില്‍ വാക്കു പാലിക്കാന്‍ അതു തിരികെ കൊടുത്ത ജോസഫിന് മാണി വാഗ്ദാനം ചെയ്ത പാര്‍ട്ടി ചെയര്‍മാന്‍ഷിപ്പ് കിട്ടിയിരുന്നില്ല.

മാണിയുടെ മരണാനന്തരം മകനെ വെട്ടിനിരത്തി ആ പദവി കൈയ്യടക്കാനുള്ള ശ്രമങ്ങളാണ് ഒരു വശത്ത് ജോസഫ് നടത്തുന്നത്. മറുവശത്ത്, തന്റെയൊപ്പം ഉറച്ചു നില്‍ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം മാണിക്കൊപ്പം പോയ ടി.എം ജേക്കബ്ബിന്റെ പാര്‍ട്ടിയെ പിളര്‍ത്തി, അദ്ദേഹത്തിന്റെ മകനെ രാഷ്ട്രീയത്തില്‍ നിഷ്പ്രഭമാക്കാനുള്ള കെണിയൊരുക്കിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മുന്‍ തലമുറയില്‍ നിന്നു കിട്ടാതെ പോയതൊക്കെയും യുവ തലമുറയില്‍ നിന്നു പിടിച്ചു വാങ്ങുന്ന രാഷ്ട്രീയ ചാണക്യനെ സൂക്ഷിച്ചു നോക്കിയാല്‍ ജോസഫില്‍ തെളിഞ്ഞു കാണാം.

കവര്‍ഫോട്ടോ കടപ്പാട്- മനോരമ

WATCH THIS VIDEO:

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more