ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ യു.ഡി.എഫിന് ആണെന്ന് പറഞ്ഞിട്ടും കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതായാണ് യു.ഡി.എഫിന്റെ സ്ഥാനം. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമേകി തെരഞ്ഞെടുപ്പിന്റെ അവസാനമായിരുന്നു മാണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വോട്ടുകള്‍ പോലും സമാഹരിക്കാന്‍ വിജയകുമാറിന് ആയില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള മാന്നാറിലും പാണ്ഡനാടിലുമടക്കം യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയ കുമാറിന്റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്.
Read Also : ഇത് മോദിക്കെതിരായ ജനവിധി: ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ബി.ജെ.പിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍
എന്നാല്‍ കനത്ത തിരിച്ചടി നേരിട്ട് യു.ഡി.എഫ് പരാജയം ഏറ്റുവാങ്ങുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കാറാനായിരുന്നു മാണിയുടെ ശ്രമം. സി.പി.എം മാണിയുടെ നിലപാടിന് അനുകൂലമായി തീരുമാനം എടുത്തിരുന്നെങ്കിലും സി.പി.ഐയുടെ കടുത്ത തീരുമാനം മാണിക്ക് തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം യു.ഡി.എഫിലേക്ക് പോവുകയും സ്വന്തം പഞ്ചായത്തില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്ത് പോവുകയും ചെയ്തതോടെ മാണിയുടെ ഭാവി ഇനി എന്താണെന്ന് കാത്തിരുന്ന് കാണാം.
Read Also : ബി.ജെ.പിയുടെ വോട്ടുകളില്‍ വന്‍ചോര്‍ച്ച; ഈ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് ശ്രീധരന്‍പിള്ള
ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 20956 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അനുവദിക്കാതെ അതിശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ച വെച്ചത്.