പാലാ: ഫ്‌ളക്‌സുകള്‍ക്കും ലഡുവിനും പിന്നാലെ മുഖപത്രവും കേരളാ കോണ്‍ഗ്രസ് എമ്മിനെ വെട്ടിലാക്കി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ വിജയം പ്രവചിച്ചതാണ് അവരെ കുടുക്കിയത്.
കേരളാ കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയുടെ ഒന്നാംപേജില്‍ത്തന്നെ ‘പാലായില്‍ ജോസ് ടോമിനു വന്‍ ഭൂരിപക്ഷം’ എന്ന തലക്കെട്ടില്‍ പ്രതിച്ഛായ വാര്‍ത്ത നല്‍കി. വോട്ടെണ്ണലിനു രണ്ടുദിവസം മുന്‍പ് ഇത് അച്ചടിച്ചിറക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം ഉദ്ധരിച്ചായിരുന്നു ഇത്.
ജോസ് ടോമിനെ നിയുക്ത എം.എല്‍.എയായി അവരോധിച്ചുകൊണ്ട് വെള്ളാപ്പാടില്‍ ഫള്കസും ഉയര്‍ത്തിയിരുന്നു. ‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി’ എന്ന വാചകത്തോടെയാണ് ഫ്ളകസ്.
മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്ളക്സിലുണ്ട്.
കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ക്യാംപിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തില്‍ ജോസ് ടോമിനെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നേരത്തെ പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘പാലായില്‍ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ജോസ് ടോമിന്റെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പടക്കങ്ങളും ലഡു ഒക്കെ തയ്യാറാണ്. അത് ഇനി പൊട്ടിക്കാനും വിതരണം ചെയ്യാനുമുള്ള സമയമേയുള്ളു. നിങ്ങളുടെ ക്യാമ്പിലെയോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇനി വാങ്ങിക്കണം. അത് പകുതി വിലക്ക് കിട്ടുമല്ലോ’- കാപ്പന്‍ പറഞ്ഞു.