| Monday, 15th May 2023, 3:56 pm

ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയതാണെന്ന് ഓര്‍ക്കണം; ചെന്നിത്തലയെ തള്ളി റോഷി അഗസ്റ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് തിരികെ വിളിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. തങ്ങളുടെ പാര്‍ട്ടി യു.ഡി.എഫിലേക്ക് തിരിച്ചുപോകില്ലെന്നും എല്‍.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

‘യു.ഡി.എഫിലേക്ക് വിളിച്ചതില്‍ സന്തോഷം. തല്‍ക്കാലം എല്‍.ഡി.എഫില്‍ തന്നെ തുടരാനാണ് തീരുമാനം. രാവിലെയും വൈകീട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍.

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം യു.ഡി.എഫില്‍ നിന്ന് പുറത്ത് പോയതല്ല. യു.ഡി.എഫ് പുറത്താക്കിയതാണെന്ന് ഓര്‍മിക്കണം. ആ തീരുമാനം തെറ്റായിപ്പോയെന്ന് യു.ഡി.എഫ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്’ ജലസേചന മന്ത്രിയായ റോഷി അഗസ്റ്റിന്‍ പറഞ്ഞു.

‘കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിലേക്ക് വരുന്നതില്‍ സന്തോഷമാണ്. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. അവര്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നു. തിരിച്ചുവന്നാല്‍ സന്തോഷം,’ എന്നാണ് ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെ 2020 ഒക്ടോബറിലാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായത്.

മുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയായാണ് അവര്‍ ഇടത് സര്‍ക്കാരിന്റെ ഭാഗമായത്. തുടര്‍ന്നാണ് റോഷി അഗസ്റ്റിന്‍ മന്ത്രിസഭയുടെ ഭാഗമായത്. തുടര്‍ച്ചയായി 40 വര്‍ഷക്കാലം യു.ഡി.എഫിനൊപ്പം നിന്ന ശേഷമാണ് മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വന്നത്.

CONTENT HIGHLIGHTS: Kerala Congress M Mani group will continue with LDF

We use cookies to give you the best possible experience. Learn more