തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫില്‍. ജോസിന്റെ മുന്നണി പ്രവേശനത്തിന് എല്‍.ഡി.എഫ് അംഗീകാരം നല്‍കി.
സീറ്റുകള്‍ സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറ്റ് ഘടകകക്ഷികള്‍ അംഗീകരിച്ചു. ഇടതുമുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം.
എല്‍.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിന്റെ കടമ്പകള്‍ പൂര്‍ണമായും കടന്നു. ജോസ് കെ മാണിയുടെ വരവോടെ ഇടതു പക്ഷത്ത് കേരള കോണ്‍ഗ്രസുകളുടെ എണ്ണം നാലാകും.
ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയ തോമസ് പക്ഷം, ബാലകൃഷ്ണപിള്ള വിഭാഗം എന്നിവ നിലവില്‍ എല്‍.ഡി.എഫിലുണ്ട്. നിയമസഭയിലെ അംഗബലം 93 ആയി തുടരും.
ഒഴിഞ്ഞു കിടക്കുന്ന ചവറ, കുട്ടനാട് സീറ്റുകള്‍ എല്‍.ഡി.എഫിന്റെതായിരുന്നു. 2016ല്‍ ഭരണത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്ത് എം.എല്‍.എമാര്‍ 91 ആയിരുന്നു.
നേരത്തെ യു.ഡി.എഫ് വിട്ട ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കുമെന്നറിയിച്ചിരുന്നു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക