| Thursday, 11th March 2021, 7:57 am

'പിറവം സീറ്റ് ജോസ്.കെ മാണി വിറ്റു'; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭാ കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍പ്പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ജില്‍സ് പുറത്തുപോയത്. പിറവം സീറ്റ് ജോസ് കെ.മാണി വിറ്റുവെന്നും ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ജില്‍സ് പറഞ്ഞു.

ബുധനാഴ്ച കേരള കോണ്‍ഗ്രസ്   സ്ഥാനാര്‍ത്ഥിയായി സിന്ധുമോള്‍ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജില്‍സിന്റെ രാജി.

സി.പി.ഐ.എം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലും സിന്ധുമോളെ സി.പി.ഐ.എം പരിഗണിച്ചിരുന്നു.

2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റായിരുന്നു ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്.ആരെയും ഒഴിവാക്കുന്നതല്ല രണ്ട് തവണ മാനദണ്ഡം കൊണ്ടുള്ള ഉദ്ദേശമെന്നും പുതിയ ആളുകളെ ഉയര്‍ത്തികൊണ്ടുവരികയാണെന്നും എ.വിജയരാഘവന്‍ പറഞ്ഞിരുന്നു.

പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എം, എല്‍.ജെ.ഡി പാര്‍ട്ടികള്‍ക്കായി മികച്ച രീതിയില്‍ സഹകരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും ഇതിനായി മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നുവെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി പാര്‍ട്ടി വിട്ടു നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Congress M- Cris over Piravam Seat

We use cookies to give you the best possible experience. Learn more