| Sunday, 18th April 2021, 7:59 am

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാല: സി.പി.ഐയ്‌ക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം.

കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയത്. ജോസ് കെ. മാണി മത്സരിച്ച
പാലായിലും റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും സി.പി.ഐ തികച്ചും നിശബ്ദമായിരുന്നെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.

ഇരിക്കൂറില്‍ സി.പി. ഐ പ്രാദേശിക നേതാക്കളുടെ സഹകരണം ഉണ്ടായിരുന്നില്ലെന്നും റാന്നിയിലും സമാനമായ രീതിയില്‍ തന്നെയാണ് സി.പി.ഐ പ്രവര്‍ത്തിച്ചതെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ നേതാക്കള്‍ പ്രതികരിച്ചു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസും സി.പി.ഐയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ജോസ് കെ മാണി എല്‍.ഡി.എഫില്‍ എത്തിയതിന് ചേര്‍ന്നതിന് പിന്നാലെ മത്സരിച്ചിരുന്ന പല മണ്ഡലങ്ങളും നഷ്ടമായത് സി.പി. ഐ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kerala Congress M candidates against alleges CPI did not support the election campaign

We use cookies to give you the best possible experience. Learn more