കോട്ടയം: ഇന്ന് നടന്ന കേരളാ കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച പൂര്‍ണമായും തൃപ്തികരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞുവെങ്കിലും ചര്‍ച്ചയില്‍ തൃപ്തിയും അതൃപ്തിയില്ലെന്നായിരുന്നു കെ.എം.മാണിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിന്റെ ഒരു സീറ്റുപോലും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെ.എം മാണി.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഒരുവിഭാഗം വേര്‍പെട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഒരു സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ പൂഞ്ഞാറും ഏറ്റുമാനൂരും കുട്ടനാടും കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. അത് വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് മാണി വ്യക്തമാക്കി. മാത്രവുമല്ല കൂടുതല്‍ സീറ്റുകള്‍ യു.ഡി.എഫിനോട് ആവശ്യപ്പെടുമെന്നും മാണി വ്യക്തമാക്കി.
അതേസമയം ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ഒരുമിച്ച് നിന്നാല്‍ വിജയം നേടാനാകുമെന്നും ഐക്യമുണ്ടെങ്കില്‍ സീറ്റുകള്‍ നേടാന്‍ ഒരു തടസവും ഉണ്ടാവില്ലെന്നും മാണി പറഞ്ഞു. പത്താം തീയതി തിരുവനന്തപുരത്ത് വെച്ചായിരിക്കും അടുത്ത യോഗം.