കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ തുടരുന്ന പ്രതിസന്ധി ഒഴിയുന്നു. അവസാന നിമിഷം പി.ജെ. ജോസഫ് കളത്തിലിറക്കിയ വിമത സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കും.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക പിന്‍വലിക്കാനാണ് ജോസഫ് കണ്ടത്തിലിന്റെ തീരുമാനം. കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്‍മാറ്റം.
ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് ലഭിക്കുന്നത് ഏത് വിധേനയും എതിര്‍ക്കുമെന്ന് ജോസഫ് വിഭാഗം നേതാവായ ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കും. യു.ഡി.എഫിന്റെ മഹത്തായ ഐക്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പി.ജെ. ജോസഫ് തന്നോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞത്.
രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് – ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ സൂക്ഷ്മ പരിശോധന.
ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണി പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും.
ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പി ജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുന്‍പിലുണ്ട്.