കോട്ടയം: പി.ജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ച പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി പി ജെ ജോസഫ് വിഭാഗം. കോലം കത്തിച്ച ഇടുക്കി ഇടവെട്ടിമണ്ഡലം പ്രസിഡന്റും മാണി ഗ്രൂപ്പ് വിഭാഗം നേതാവുമായ ജയകൃഷ്ണന്‍ പുതിയേടത്തിനെയാണ് പദവിയില്‍ നിന്ന് മാറ്റിയത്.
കേരള കോണ്‍ (എം) ഇടുക്കി ജില്ല പ്രസിഡന്റാണ് ജയകൃഷ്ണനെതിരെ നടപടിയെടുത്തത്. ഇന്ന് കോട്ടയത്ത് വെച്ചായിരുന്നു പിജെ ജോസഫിന്റെയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചത്. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
നേരത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി.ജെ.ജോസഫ് തയാറാകണമെന്ന് ജോസ് കെ.മാണി പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ യോജിപ്പിനായി അടിയന്തരമായി ചെയ്യേണ്ടതിതാണെന്നും ജോസ് കെ.മാണി പറഞ്ഞത്.
കെ.എം.മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ല. ഐക്യത്തോടെ ഒരുമയോടെ മുന്നോട്ട് പോകുകയാണ് വേണ്ടത്. സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കണമെന്നും ജോസ്.കെ.മാണി പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ആക്ടിംഗ് ചെയര്‍മാന്‍, താല്‍കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.
എന്നാല്‍ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരമെന്നായിരുന്നു ജോസ് കെ.മാണിക്ക് പി.ജെ.ജോസഫിന്റെ മറുപടി. ആ അധികാരം താന്‍ പ്രയോഗിച്ചത് ജനാധിപത്യവിരുദ്ധമല്ല. പാര്‍ട്ടി ഭരണഘടന അറിയാത്തതുകൊണ്ടല്ല, ചിലര്‍ സത്യം വളച്ചൊടിക്കുകയാണെന്നും പി.ജെ.ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടിയിലെ സീനിയോറിറ്റിയില്‍ മാറ്റമുണ്ടായിട്ടില്ല. ഇല്ലാത്ത കത്തിന്റെ പേരില്‍ റോഷി അഗസ്റ്റിന്‍ പ്രശ്നമുണ്ടാക്കിയത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. കാള പെറ്റെന്നുകേട്ടാല്‍ കയറെടുക്കരുതെന്നും ജോസഫ് പരിഹസിച്ചിരുന്നു.
DoolNews Video