| Friday, 26th February 2016, 9:13 am

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്ക്; യു.ഡി.എഫ് വിട്ടുവന്നാല്‍ പരിഗണിക്കാമെന്ന് ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് ചേക്കാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സി.പി.ഐ.എം നേതൃത്വവുമായി ചര്‍ച്ച നടത്തി.

സി.പി.ഐ.എം നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും, യു.ഡി.എഫ് വിട്ടിറങ്ങിയാല്‍ പരിഗണിക്കാമെന്നാണ് അവര്‍ ഉറപ്പുനല്‍കിയതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

കേരളകോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളുണ്ടെന്നും കെ.എം മാണിയോട് ആറുസീറ്റുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും, പാര്‍ട്ടിയിലുളള പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

റബര്‍ കര്‍ഷകരുടെ അടക്കമുളള പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നും, ജനങ്ങളും, കര്‍ഷകരും ശക്തമായ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നത് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടി നിയന്ത്രിക്കുന്നത് ജോസ് കെ മാണിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയതുമില്ല.

കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സി.പി.ഐ.എമ്മുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പി.ജെ.ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കോടിയേരി ബാലകൃഷ്ണനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഇതില്‍ തീരുമാനമായിട്ടില്ലെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പി.ജെ.ജോസഫ് നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടിരുന്നു.

ഇന്നലെ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തണുപ്പിക്കാനായി കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more