കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്.
കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായിരുന്ന കൊടുവള്ളി കുഞ്ഞഹമ്മദ് അധികാരിയുടെ മകനും ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗവും കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ അത്തിയത്തിന്റെ നേതൃത്വത്തിലുള്ളവരാണ് പാര്‍ട്ടി ജോസഫ് പക്ഷം വിട്ട് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
ടി.കെ അത്തിയത്ത്, യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഷംസു അസ്മാസ് എന്നീ നേതാക്കളും പ്രവര്‍ത്തകരുമാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരിക്കുന്നത്. താമരശേരി ഏരിയാ സെക്രട്ടറി ആര്‍.പി ഭാസ്‌ക്കരന്‍ ഇവര്‍ക്ക് പതാക കൈമാറി.
ഷംസു അസ്മാസിന് പുറമേ നേതാക്കളായ സിദ്ധിഖ് കോതൂര്‍, അഹമ്മദ് കുട്ടി ഒതയോത്ത്, അബൂബക്കര്‍, പട്ടിണിക്കര, മുനീര്‍ പിസി, ബഷീര്‍ കോതൂര്‍, ഷമീര്‍, ഷഫീഖ് തുടങ്ങിയര്‍ ഉള്‍പ്പെടെ 90 പേരാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.
കൊടുവള്ളിയില്‍ യു.ഡി.എഫിലെ ഘടക കക്ഷികളോട് കടുത്ത അവഗണന തുടരുന്നതിനിടെയാണ് ടികെ അത്തിയത്തും സഹപ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്. സംസ്ഥാന ദേശീയ തലത്തില്‍ സി.പി.ഐ.എമ്മിന്റെ പ്രസക്തി ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ടി.കെ അത്തിയത്ത് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് നടപടി.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള രാഷ്ട്രീയ തീരുമാനം എടുത്തതിന് പിന്നാലെ യു.ഡി.എഫില്‍ ഉറച്ച് നിന്ന വിഭാഗമാണ് കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക