കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയത്ത് ഇടത് മുന്നണി സീറ്റ് വിഭജനം പ്രതിസന്ധിയില്‍. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് നിരസിച്ചതാണ് പാര്‍ട്ടിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് വേണമെന്നും കോട്ടയം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണെന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശക്തിക്കനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സി.പി.ഐയും സി.പി.ഐ.എമ്മും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം,’ സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
നിലവില്‍ 12 സീറ്റുകളാണ് കോട്ടയത്ത് ജോസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 9 സീറ്റുകള്‍ നല്‍കാമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ തവണ സി.പി.ഐ.എം മത്സരിച്ചത് 13 സീറ്റുകളിലായിരുന്നു. കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് കൊടുക്കേണ്ടതായി വന്നാല്‍ സി.പി.ഐ.എമ്മിന് നിലവില്‍ സീറ്റുകളുടെ എണ്ണം കുറയും. നിലവില്‍ പത്ത് സീറ്റുകളില്‍ മത്സരിക്കാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്.
ഘടക കക്ഷികളായ എന്‍.സി.പിയും ജെ.ഡി.എസും മത്സരിച്ചിരുന്ന സീറ്റുകളും ഇത്തവണ ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാന്‍ ധാരണയായെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സി.പി.ഐ അഞ്ച് സീറ്റിലാണ് 2015ല്‍ മത്സരിച്ചിരുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ ജോസ് പക്ഷത്തിന് കൈമാറണമെന്ന് സി.പി.ഐ.എം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് സി.പി.ഐ അറിയിക്കുന്നത്. എന്നാല്‍ ഒരു സീറ്റ് കൂടി വിട്ട് നല്‍കുന്ന പക്ഷമേ ജോസ് വിഭാഗത്തിന് കോട്ടയത്ത് 9 സീറ്റുകള്‍ തികയുകയുള്ളു.
സീറ്റ് വിഭജനത്തില്‍ പ്രതിസന്ധി പുകയുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജോസ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Kerala congress Jose side says they need more seats LDF in crisis