കോട്ടയം: കേരള കോണ്‍ഗ്രസ് (ജേക്കബ്) ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ലയിച്ചു. ഉപാധികളില്ലാതെയാണ് ലയനമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. അനൂപ് ജേക്കബ് തന്നെ പുറത്താക്കി എന്ന പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
‘മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് ഉടന്‍ തിരിച്ചറിയും. അനൂപിനെ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ക്ഷണിക്കുകയാണ്’, ജോണി നെല്ലൂര്‍ പറഞ്ഞു.
കേള കോണ്‍ഗ്രസുകളുടെ യോജിപ്പിനുള്ള തുടക്കമാണ് ഈ ലയനമെന്നും അനൂപ് ജേക്കബും ജോസ് കെ മാണിയുമെല്ലാം വൈകാതെ തങ്ങള്‍ക്കൊപ്പം വരേണ്ടി വരുമെന്നും ലയന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോണി നെല്ലൂര്‍ പറഞ്ഞു.
ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് ജേക്കബ് വിഭാഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് വിള്ളലിലേക്ക് നയിക്കുകയായിരുന്നു. ലയനത്തെ ആദ്യഘട്ടത്തില്‍ അനൂപ് ജേക്കബ് അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിനെയും ജോണി നെല്ലൂര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ അനൂപ് അച്ചാരം വാങ്ങിയെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്.
അതേസമയം, ലയനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ജോണി നെല്ലൂരിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജോണി നെല്ലൂരിന് പാര്‍ട്ടി പിരിച്ചുവിടാന്‍ അധികാരമില്ല. പാര്‍ട്ടി പിരിച്ചുവിടുന്നു എന്ന് പറയാന്‍ ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും അനൂപ് പറഞ്ഞു.
ജില്ലാ പ്രസിഡന്റുമാരടക്കം ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നാണ് ജോണി നെല്ലൂര്‍ അവകാശപ്പെടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ