| Tuesday, 1st October 2019, 6:41 pm

പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; കേരള കോണ്‍ഗ്രസ് ലയന നീക്കം സജീവം, ദുബായില്‍ ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാപുരം കോട്ടയായിരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടത് ആശങ്ക കൂട്ടിയത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് മാത്രമല്ല. മറ്റ് കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് കൂടിയാണ്. അത് കൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് ലയനം എന്ന ആലോചനകള്‍ക്ക് ഇപ്പോള്‍ വേഗം കൂടിയിരിക്കുകയാണ്. ലയനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദുബായില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പി.സി തോമസ്, ജോസ് .കെ. മാണി, പി.ജെ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നീ വിവിധ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കള്‍ തിങ്കളാഴ്ച ദുബായില്‍ എത്തിയിരുന്നു. കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ കണ്‍വെണ്‍ഷന്റെ ഭാഗമായാണ് ഈ നേതാക്കളെല്ലാം ദുബായിലെത്തിയത്.

പി.സി തോമസ് ആണ് ലയനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെ.എം മാണി തന്നെ ലയനനീക്ക കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ തനിക്ക് അനുവാദം നല്‍കിയിരുന്നു എന്നാണ് തോമസ് പറയുന്നത്.

പി.സി തോമസ് നേരത്തെ തന്നെ വിവിധ നേതാക്കളുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പൊതു വിഷയങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കുക എന്ന ആശയത്തോട് അന്ന് തന്നെ പല നേതാക്കളും യോജിച്ചിരുന്നു.

വ്യത്യസ്ത മുന്നണികളില്‍ നില്‍ക്കുമ്പോഴും പൊതുവിഷയങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കുന്ന മഴവില്‍ സഖ്യം രൂപീകരിക്കുകയും അതിന് ശേഷം ലയനത്തിലേക്ക് പോകാം എന്ന വാദത്തിനാണ് ഇപ്പോഴും ചര്‍ച്ചകളില്‍ മുന്‍തൂക്കം. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ എന്നതിനാല്‍ വേഗത്തിലുള്ള തീരുമാനങ്ങളും എടുക്കാന്‍ സാധ്യതയേറെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more