| Monday, 31st August 2020, 7:58 pm

'രണ്ടില ജോസ് കെ മാണിക്ക്'; പി.ജെ ജോസഫ് പക്ഷത്തിന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചിഹ്നതര്‍ക്കത്തില്‍ പി.ജെ ജോസഫ് പക്ഷത്തിന് തിരിച്ചടി. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു.

ജോസ് കെ മാണി പക്ഷേ എല്‍.ഡി.എഫിലേക്ക് പോയെക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം.

സത്യത്തിന്റെ ജയമെന്നാണ് കമ്മീഷന്റെ വിധിയില്‍ ജോസ് പക്ഷം പ്രതികരിച്ചത് അതേസമയം തീരുമാനത്തില്‍ അപ്പീല്‍ പോകുമെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു.

നേരത്തെ എം.പി വിരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായിരുന്നു. അതേസമയം കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ തയ്യാറാണെന്ന് സൂചന നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു.

യു.ഡി.എഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനവും രാഷ്ട്രീയ നിലപാടും നോക്കി നിലപാട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

മുമ്പ് കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പുറത്താക്കിയെങ്കിലും ജോസ് പക്ഷം സാങ്കേതികമായി കേരള കോണ്‍ഗ്രസ്സില്‍ തന്നെ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Kerala congress election commision give symbol to jose k mani

We use cookies to give you the best possible experience. Learn more