| Tuesday, 21st December 2021, 1:34 pm

കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു; കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി വിമതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിമതര്‍ നീക്കം ചെയ്ത് ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണാക്കി.

ആര്‍. ബാലകൃഷ്ണ പിള്ളയുടെ മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തെയും കൂട്ടി യോഗം വിളിച്ചുചേര്‍ത്തത്.

പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു.

ഉഷയെ ഗണേഷിനെതിരെയിറക്കി ചെയര്‍പേഴ്‌സണ്‍ പദവി സ്വന്തമാക്കുന്നതിനുള്ള നീക്കമാണ് വിമതര്‍ നടത്തിക്കൊണ്ടിരുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണിതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിനെതിരെ ഉഷയാണ് പരാതി ഉന്നയിച്ചിരുന്നത്. വില്‍പത്രത്തില്‍ ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരുന്നില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ പറയുന്നത്. വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kerala Congress B split

We use cookies to give you the best possible experience. Learn more