| Wednesday, 1st August 2018, 9:48 am

ഇടതുമുന്നണി പ്രവേശനം; സ്‌കറിയ തോമസ് വിഭാഗം പിളര്‍ന്നു; മുതിര്‍ന്ന രണ്ട് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് ബി യില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം പിളര്‍ന്നു. സ്‌കറിയാ തോമസ് വിഭാഗത്തിലെ രണ്ട് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് ബി യില്‍ ചേര്‍ന്നു. സ്‌കറിയാ തോമസിന്റെ വര്‍ക്കിങ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.എം. മാത്യുവും വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണിയുമാണ് കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നത്.

നേരത്തെ ഇടത് മുന്നണി പ്രവേശനത്തിനായി പാര്‍ട്ടികള്‍ ലയിക്കാമെന്ന് പറഞ്ഞ ശേഷം അവസാന നിമിഷം സ്‌കറിയാ തോമസ് പിന്‍മാറിയിരുന്നു. ഇതിന് ഒരു തിരിച്ചടിയായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് രണ്ട് മുതിര്‍ന്ന് നേതാക്കളെ ബാലകൃഷ്ണപ്പിള്ള സ്വന്തം പാളയത്തിലെത്തിച്ചത്.

കേരള കോണ്‍ഗ്രസ് (ബി) ഓഫിസില്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇരുവരും തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കി സി.പി.ഐ.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാര്‍ക്കും മുന്നണി കണ്‍വീനര്‍ക്കും ഇരുവരും കത്ത് നല്‍കിയിട്ടുണ്ട്.


Also Read മാറാട് കലാപത്തിനുശേഷം ചര്‍ച്ച നടത്തിയത് ആര്‍.എസ്.എസ് നിര്‍ദ്ദേശപ്രകാരം: ശ്രീധരന്‍പിള്ള


സ്‌കറിയാ തോമസ് വിഭാഗത്തിന് ബൈലോ, ഓഫിസ്, അംഗത്വം തുടങ്ങിയ സംവിധാനം ഇല്ലെന്നും മുന്നണിയെ പിന്തുണക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ യോജിച്ച് ഒരു പാര്‍ട്ടിയാകണമെന്നതാണ് തങ്ങളുടെ നിലപാടെന്നും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ലയന ചര്‍ച്ച തെറ്റിപ്പിരിയുകയായിരുന്നു. അതേസമയം ഈ മാസം 26ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിക്കും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.


Also Read കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള


ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് ഇതില്‍ പ്രധാനം. യു.ഡി.എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍.ഡി.എഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശനം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍-എസില്‍ ലയിച്ച് എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്ക്കുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുന്നണി വിപുലീകരണത്തിന് സി.പി.ഐ.എം മുന്‍കൈ എടുക്കുന്നത്.

We use cookies to give you the best possible experience. Learn more