ആലപ്പുഴ: കയറുത്പാദന മേഖലയില്‍ പുതിയ മാറ്റം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ഡിസംബറില്‍ തുടക്കമാവുന്നത്. രണ്ടാം കയര്‍ പുനഃസംഘടനയുടെ പശ്ചാത്തലത്തിലാണ് 2019ലെ കയര്‍ കേരള അരങ്ങേറുന്നത്.
രണ്ടാം പുനഃസംഘടനയുടെ പ്രത്യേകത തന്നെ കാലങ്ങളായുള്ള കയര്‍ വ്യവസായത്തിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നുവെന്നതാണ്. ഇതിന്റെ ഗുണപരമായ ചലനങ്ങള്‍ വ്യവസായത്തില്‍ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്ന് ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മൂന്നുകൊല്ലം മുമ്പ് 10,000 ടണ്ണില്‍ താഴെയായിരുന്ന സംസ്ഥാനത്തെ കയര്‍ ഉല്‍പ്പാദനം വീണ്ടും അതിന്റെ ഉയര്‍ന്ന ഉത്പാദനത്തിലേക്കെത്തിയെന്നും അദ്ദേഹം റഞ്ഞു.
‘2017-18ല്‍ ഉല്‍പ്പാദനം 14,500 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും സംസ്ഥാനത്ത് കയര്‍ ഉല്‍പ്പാദനം 20,000 ടണ്ണായി ഉയരുമെന്ന പ്രതീക്ഷയിലാണ് കയര്‍കേരള. 2020-21ല്‍ 40,000 ടണ്‍ കയര്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്.
കയര്‍ ഉല്‍പ്പാദനത്തില്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കയര്‍പിരി സംഘങ്ങളെ ആധുനീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പരമ്പരാഗത പിരി മേഖലയെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്റെ ആധുനീകരണമാണ് രണ്ടാം കയര്‍ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്നത്’ – ധനമന്ത്രി പറഞ്ഞു.
കയറുത്പാദനം വര്‍ധിപ്പിക്കാനായി ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ ജോലി ഭാരത്തില്‍ കുറവ് ഉണ്ടാകുകയും ഉല്‍പ്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ വേതനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ഫെഡ് സംഭരിക്കുന്ന കയര്‍, വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയില്‍ നിന്നും മാറി സംഭരിക്കുന്ന കയര്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തിലെത്തി. ഇത് ഉല്‍പ്പന്നമേഖലയില്‍ തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്. കയര്‍ഫെഡിന്റെ കയര്‍ വിപണനം 2015-16ല്‍ 7,029 ടണ്‍ ആയിരുന്നത് 2018-19 ല്‍ 15,792 ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.]
‘ചകിരിയുടെ ദൗര്‍ലഭ്യമാണ് മറ്റൊരു പ്രശ്‌നം. രണ്ടാം കയര്‍ പുനഃസംഘടന ഊന്നല്‍ കൊടുക്കുന്ന പ്രധാനപ്പെട്ടൊന്ന് ചകിരി ഉല്‍പ്പാദമാണ്. തൊണ്ട് സുലഭമായ ഇടങ്ങളില്‍ മില്ലുകള്‍ സ്ഥാപിച്ച് ചകിരി ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം.
സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീപോലുള്ള സംവിധാനങ്ങള്‍ വഴി തൊണ്ട് ശേഖരിച്ച് ചകിരി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വിജയം കൈവരിക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉല്‍പ്പന്നമേഖലയിലും ഈ ഉണര്‍വ്വ് പ്രകടമാണ്. 2015-16 ല്‍ 97.99 കോടിയുടെ ഉല്‍പ്പന്നം സംഭരിച്ചിരുന്ന സ്ഥാനത്ത് 2018-19ല്‍ കയര്‍ കോര്‍പ്പറേഷന്‍ വഴിയുള്ള ഉല്‍പ്പന്ന സംഭരണം 153.19 കോടിയായി ഉയര്‍ന്നു. കയര്‍ കോര്‍പ്പറേഷന്റെ വിറ്റുവരവ് ഈ സാമ്പത്തികവര്‍ഷം നവംബര്‍വരെ 120 കോടി രൂപയാണ്. വര്‍ഷാവസാനമാകുമ്പോള്‍ ഇത് 250 കോടിയായി ഉയരും’. തോമസ് ഐസക്ക് പറഞ്ഞു.
കയര്‍ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഒട്ടാകെ ശൃംഖലകളുള്ള വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ധാരണയില്‍ ഏര്‍പ്പെടുകയും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കയര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ അളവും ഉയര്‍ന്നിട്ടുണ്ട്. 2015-16 ല്‍ സര്‍ക്കാര്‍ മുടക്കിയ പണം 68.29 കോടി രൂപയായിരുന്നുവെങ്കില്‍ 2018-19 ല്‍ ഇത് 131.43 കോടി രൂപയായി ഉയര്‍ന്നു. കയര്‍ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിനായി 200 കോടി രൂപയുടെ എന്‍.സി.ഡി.സി സഹായം നേടിയെടുക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.