കേരളതീരത്തിന്റെ പകുതിയോളം കടലെടുത്തതായി റിപ്പോര്‍ട്ടുകള്‍; നഷ്ടമായത് കേരളത്തിന്റെ 40 ശതമാനത്തോളം തീരം
Environment
കേരളതീരത്തിന്റെ പകുതിയോളം കടലെടുത്തതായി റിപ്പോര്‍ട്ടുകള്‍; നഷ്ടമായത് കേരളത്തിന്റെ 40 ശതമാനത്തോളം തീരം
ഗോപിക
Wednesday, 5th September 2018, 1:25 pm

പ്രളയക്കെടുതി സംസ്ഥാനത്ത് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ജനജീവിതത്തെ ആകെ ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

കടല്‍ക്ഷോഭവും തീരത്തെ ഡ്രഡ്ജിംഗ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാരണം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരള തീരത്തിന്റെ പകുതിയോളം അതായത് ഏകദേശം 40 ശതമാനം കടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അതോടൊപ്പം കടല്‍ കരയിലേക്ക് കയറുന്നതിനോടൊപ്പം തീരങ്ങളില്‍ ഏകദേശം 21 ശതമാനത്തിലേറേ തീരനിക്ഷേപം ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് വ്യാപിച്ച് കിടന്ന തീരപ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗം നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതേസമയം നഷ്ടപ്പെട്ട തീരപ്രദേശത്തിന് തുല്യമായ കര രൂപപ്പെട്ടതായി തീര ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.

ബംഗാള്‍ പുതുച്ചേരി എന്നി പ്രദേശങ്ങള്‍ക്ക് ഇത്തരത്തില്‍ തീര നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേസമയം പശ്ചിമ തീരത്തേക്ക് വരികയാണെങ്കില്‍ ഇവിടെ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് കേരളത്തിനാണ്.


ALSO READ: കല്ല്യാണവും നിശ്ചയവുമല്ല, അവരുടെ ജീവനാണ് പ്രധാനം; വിവാഹനിശ്ചയ ദിവസവും ചെങ്ങന്നൂരിലെവിടെയോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ് കോഴിക്കോട്ടുകാരനായ ഈ മത്സ്യത്തൊഴിലാളി


നിലവില്‍ രാജ്യത്തിന്റെ 7517 കിലോമീറ്റര്‍ തീരപ്രദേശത്തിന്റെ 6031 കിലോ മീറ്ററാണ് പഠനവിധേയമാക്കിയത്. അതേസമയം കടലേറ്റവും തീരനിക്ഷേപവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഒരു ഭാഗത്തെ തീരം അല്ലെങ്കില്‍ മണ്ണ് ഒലിച്ചുപോയാല്‍ മറ്റ് പ്രദേശത്ത് എവിടെയെങ്കിലും അത് നിക്ഷേപിക്കപ്പെടുമെന്ന് തീര ഗവേഷണ സേന ഉദ്യോഗസ്ഥനായ എം.വി രമണമൂര്‍ത്തി പറയുന്നു.

എന്നാല്‍ ഈ വാദത്തെ അംഗീകരിക്കാന്‍ ഈ മേഖലയിലെ വിദ്ഗധര്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം.

തീരത്തെപ്പറ്റിയും തീരസമൂഹത്തെപ്പറ്റിയും ഒരു ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലല്ല പലരും സംസാരിക്കുന്നത്. സ്വാഭാവികമായി നിലവിലുള്ള നമ്മുടെ തീരവും പുതുതായി രൂപം കൊള്ളുന്ന തീരവും തമ്മില്‍ ഒരിക്കലും തുലനം ചെയ്ത് കാണാന്‍ കഴിയില്ല.

 

Related image

സമൂഹത്തിലെ ജീവന്റെ കണികയായ കടലിനെയും കരയേയും ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണ് തീരപ്രദേശം. ഇവയ്ക്ക് നിരവധി പാരിസ്ഥിതിക പ്രത്യേകതകളുണ്ട്. അവയെല്ലാം നഷ്ടപ്പെട്ടിട്ടാണ് പുതിയ കര സൃഷ്ടിക്കപ്പെടുന്നത്.

തീരം നഷ്ടപ്പെടല്‍ പ്രധാനമായും മൂന്ന് തരത്തിലാണ്. ഒന്നാമതായി തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് തീരം നഷ്ടപ്പെടാം. കടലിന്റെയും കരയുടെയും ഉയര്‍ന്ന പ്രദേശങ്ങള്‍ മലകള്‍, പാറകള്‍ അത് എവിടെയൊക്കെ കരയുടെ തീരത്ത് നിന്ന് താഴ്ന്നിറങ്ങി നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ആ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള തീരം നഷ്ടപ്പെടുന്നതായിരിക്കും.

രണ്ടാമത്തെ കാരണം വര്‍ഷകാലത്ത് കടലില്‍ നിന്ന് കരയിലേക്ക് എത്തുന്ന ശക്തമായ തിരകള്‍ കാരണം തീരം നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സുനാമി കാലത്തും, ഓഖി കാലത്തും ഇത് സംഭവിച്ചുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദ്ഗധന്‍ റോബര്‍ട്ട് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മൂന്നാമത്തെ കാരണം തീരത്തെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. തീരത്തിന്റെ സ്വാഭാവിക ഘടന ശ്രദ്ധിക്കാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരത്തിന്റെ നഷ്ടത്തിന് കാരണം.


ALSO READ: വയനാട്ടിലെ കര്‍ഷകരുടെ ജീവെനടുത്ത് സര്‍ഫാസി; ജപ്തി നോട്ടീസ് ലഭിച്ച നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു


അതേസമയം ഇന്ന് നമ്മള്‍ നേരിടുന്ന കര നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് തീരപ്രദേശത്ത് നടക്കുന്ന അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനം തന്നെയാണ്. തീരക്കടലിലെ സ്വാഭാവികമായിട്ടുള്ള മണല്‍നീക്കത്തെ തടയുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തീര നഷ്ടത്തിന് പ്രധാന കാരണമാകുന്നത്.

1928 ലാണ് കൊച്ചി തുറമുഖത്തില്‍ ആദ്യമായി കപ്പലെത്തിത്തുടങ്ങുന്നത്. കൊച്ചി പോലെ പ്രകൃതിദത്ത തുറമുഖങ്ങള്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന് വ്യത്യസ്തമായി തുറമുഖ നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത് തീരത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് റോബര്‍ട്ട് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Related image

കടല്‍ നിക്ഷേപമുള്ള തീരത്തിന്റെ സ്വാഭാവിക പ്രദേശങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആ പ്രദേശത്തിന്റെ വടക്ക് ഭാഗം കടലെടുക്കാന്‍ കാരണമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തീര ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച് കടലെടുത്ത പ്രദേശത്തിന് പകരം പുതിയൊരിടത്ത് കര രൂപപ്പെടാന്‍ സാധ്യയുണ്ടെന്നാണ്. അതായത് നഷ്ടപ്പെട്ട തീരത്തിന്റെ തെക്ക് ഭാഗത്ത് തീരമുണ്ടാകും എന്നാണ് തീര ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. തീരദേശ വാസികളെ കളിയാക്കുന്ന തരം വിശകലനമാണ് ഇതെന്നാണ് റോബര്‍ട്ട് പറഞ്ഞത്.

ഒരുഭാഗത്ത് തീരസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമം ഉണ്ടെന്നിരിക്കെ അതേ നിയമം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തീരം നഷ്ടപ്പെടുന്നതിന് പ്രധാന കാരണം എന്ന് അദ്ദേഹം പറഞ്ഞു.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.