തിരുവനന്തപുരം: യു.ജി.സി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യു.ജി.സിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സി കരട് റെഗുലേഷനെതിരെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2025 ലെ യു.ജി.സി കരട് ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് കുറയ്ക്കുക മാത്രമല്ല, വാസ്തവത്തിൽ അവയെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കരട് ചട്ടങ്ങൾ പ്രകാരം, സംസ്ഥാന സ്ഥാപിതമായ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെയും അസിസ്റ്റന്റ് പ്രൊഫസർമാരുടെയും നിയമനത്തിൽ സംസ്ഥാനങ്ങൾക്ക് പങ്കില്ലാതാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വി.സിമാരെ നിയമിക്കാനുള്ള അധികാരം കേന്ദ്രം നിയമിക്കുന്ന ഗവർണർമാരായ ചാൻസലർമാർക്കാണ് നൽകിയിട്ടുള്ളതെന്നും അതിനാൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷകരമായേക്കാവുന്ന രാഷ്ട്രീയ പ്രേരിത തെരഞ്ഞെടുപ്പുകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, കേരളം എന്നിവയുൾപ്പെടെ രാജ്യത്ത് പ്രതിപക്ഷം ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ‘ഗവർണർമാരുടെ അതിക്രമങ്ങൾ’ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാൻ വൈകുകയാണ്. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണ്. ഗവര്‍ണര്‍മാര്‍ ചാൻസിലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ്. കരട് നിര്‍ദേശത്തിൽ തിരുത്തൽ വേണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൺവെൻഷൻ സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണെന്നും യു.ജി.സി ഭരണഘടനക്കുള്ളിൽ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാരുകൾ സർവകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. നിയന്ത്രിക്കുകയല്ല വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
അക്കാദമിക സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ നടത്തേണ്ടത്. യു.ജി.സി കരട് നിർദ്ദേശങ്ങൾക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കണ്‍വെൻഷനിൽ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തില്ല. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അടക്കം പരിപാടിയിൽ പങ്കെടുത്തു.
Content Highlight: Kerala CM Vijayan reacts to UGC draft regulations 2025