'ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനങ്ങള്‍ വിധിയെഴുതില്ല; നേട്ടങ്ങളെ കരിവാരി തേക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി
national news
'ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനങ്ങള്‍ വിധിയെഴുതില്ല; നേട്ടങ്ങളെ കരിവാരി തേക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 1:02 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടേകാല്‍ ലക്ഷം വീടുകളാണ് സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കി നല്‍കിയത്. ആ നേട്ടങ്ങളെ കരിവാരി തേച്ച് കാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാടിന് ഗുണം ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട കോന്നിയിലെ മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് മിഷന് ഒരു ബന്ധമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ലൈഫ് മിഷനെ കരിവാരി തേക്കുന്നത് ശരിയാണോ? ഇപ്പോള്‍ ഇതാണ് നടക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

”ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ല ജനങ്ങള്‍. അവര്‍ക്ക് ജീവിതാനുഭവങ്ങളും നാടിന്റെ അനുഭവവുമുണ്ട്. സര്‍ക്കാര്‍ എങ്ങനെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് കാണുന്നുണ്ട്. തെറ്റായ കാര്യങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശരിയായ കാര്യങ്ങള്‍ നാടിന് മുന്നില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്” മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ കഴിഞ്ഞ കുറച്ചു നാളത്തെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ ഉദ്ഘാടനത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് നെറികേടിന്റെ ഭാഗമാണ്. നാലര വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala cm slams opposition for bringing up false allegation on life mission